ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി ഹിന്ദിയില്‍ ബൗളര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളും ഉപദേശങ്ങളുമെല്ലാം തനിക്ക് മനസിലായിരുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസര്‍. തനിക്ക് ഹിന്ദിയും പഞ്ചാബിയും നല്ലപോലെ സംസാരിക്കാനറിയാമെങ്കിലും ധോണിക്ക് അത് തിരിച്ചറിയനായില്ലെന്നും പനേസര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഗ്രൗണ്ടില്‍ ധോണി വളരെ ശാന്തനായ വ്യക്തിയാണ്. അധികമൊന്നും സംസാരിക്കില്ല. കളി വിലയിരുത്തുന്നതിലും അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്നതിലും മിടുക്കനാണ് ധോണി. അദ്ദേഹത്തോട് നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ചിലപ്പോ തിരിച്ച് ഒന്നും പ്രതികരിക്കില്ല. എന്നാല്‍ കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹം നമ്മെ വീഴ്ത്താനുള്ള ഫീല്‍ഡ് സെറ്റ് ചെയ്തിരിക്കും.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ധോണി വിക്കറ്റിന് പിന്നില്‍ നിന്ന് ബൗളര്‍മാരോട് വിളിച്ചുപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്പിന്നര്‍മാരോട്. അല്‍പം വൈഡായി പന്തെറിയു, അല്ലെങ്കില്‍ നേരെ പന്തെറിയു, എക്രോസ് ദ് ലൈന്‍ കളിക്കുന്നയാളാണ് അതുകൊണ്ട് വിക്കറ്റിന് നേരെ പന്തെറിയു അയാള്‍ സിക്സടിക്കാന്‍ ശ്രമിക്കും, അല്‍പം വൈഡായി പന്തെറിയു, എന്നൊക്കെയാണ് ഹിന്ദിയില്‍ അദ്ദേഹം ബൗളര്‍മാരോട് പറയുക.

ഇതൊക്കെ എനിക്ക് പച്ചവെള്ളം പോലെ മനസിലാവുമായിരുന്നു. കാരണം എനിക്ക് ഹിന്ദിയിലും പഞ്ചാബിയിലും സംസാരിക്കാനാവും. പക്ഷെ ധോണിക്ക് അതറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും മനസിലാവാത്തതുപോലെ ഞാനും അഭിനയിച്ചു. എന്നെ വിശ്വസിക്കു, ഒരുപാട് തവണ ധോണി ഇതുപോലെ ചെയ്തിട്ടുണ്ട്. നിരവധി തവണ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് അനുസരിച്ച് വിക്കറ്റും കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ധോണിയെ ഇഷ്ടം. അദ്ദേഹത്തിനെതിരെ കളിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്.-പനേസര്‍ പറഞ്ഞു.

പഞ്ചാബുകാരനായ പനേസറുടെ പിതാവ് 1979ലാണ് ഇംഗ്ലണ്ടിലെ ലൂട്ടണിലേക്ക് കുടിയേറിയത്.  2006ലെ ഇന്ത്യന്‍ പര്യടനത്തിലാണ് പനേസര്‍ ടെസ്റ്റില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനായി 50 ടെസ്റ്റും 26 ഏകദിനങ്ങളിലും പനേസര്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ധോണിയുടെ ക്യാച്ച് വിടുകയും രണ്ട് പന്തുള്‍ക്കുശേഷം ധോണിയെ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തതാണ് തന്റെ ഇഷ്ടപ്പെട്ട ധോണി നിമിഷമെന്ന് പനേസര്‍ പറഞ്ഞു.

ക്യാപ്റ്റന്‍സി ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ധോണി ഇതിലും മികച്ച ബാറ്റ്സ്മാനായി മാറുമായിരുന്നുവെന്നും പനേസര്‍ പറഞ്ഞു. പാക്കിസ്ഥാനെതിരെ  നേടിയ സെഞ്ചുറിയാണ് ധോണിയുടെ വരവറിയിച്ചത്. ഷൊയൈബ് അക്തറിനെപ്പോലൊരു ബൗളറെ പുള്‍ ചെയ്ത് ഫോറും സിക്സും അടിക്കുന്നത് കണ്ടിട്ട് ഞങ്ങളെല്ലാം അന്തം വിട്ടിട്ടുണ്ട്. എങ്ങനെയാണ് ഇത് സാധിക്കുന്നത് എന്നോര്‍ത്തിട്ട്. എനിക്കെതിരെ അദ്ദേഹം കൊല്‍ക്കത്തയില്‍ നേടിയൊരു പടുകൂറ്റന്‍ സിക്സും ഇതുപോലെ ഓര്‍മയില്‍ നില്‍ക്കുന്നതാണ്. സാധാരണ ബാറ്റ്സ്മാന്‍മാര്‍ അടിക്കുന്ന സിക്സിനെക്കാള്‍ 20 മീറ്ററെങ്കിലും അപ്പുറത്തേക്ക് പന്ത് പറത്താന്‍ ധോണിക്കാവുമായിരുന്നു.

ക്യാപ്റ്റനെ നിലയില്‍ മറ്റുള്ളവരുടെ മനസുവായിക്കാന്‍ ധോണി മിടുക്കനായിരുന്നു. ബാറ്റ്സ്മാന്റെ ശരീര ചലനങ്ങള്‍ നോക്കി എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് കണക്കുകൂട്ടാന്‍ അദ്ദേഹത്തിനാവുമായിരുന്നു. ധോണി ക്രീസിലുള്ളപ്പോള്‍ അവസാന മൂന്നോവറില്‍ 15 റണ്‍സ് വീതം വേണമെന്ന സാഹചര്യമാണെങ്കിലും അദ്ദേഹം അത് നേടിയിരിക്കും. എങ്ങനായാണ് അത് നേടുന്നത് എന്നത് മാത്രം ധോണിയുടെ രഹസ്യമാണ്. കൊവിഡ് മിഹാമാരിയാകാം ധോണിയെ വിരമിക്കല്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നും പനേസര്‍ പറഞ്ഞു. ടി20 ലോകകപ്പ് ടീമില്‍ കളിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ കൊവിഡിനെത്തുടര്‍ന്ന് ലോകകപ്പ് മാറ്റിയത് അദ്ദേഹത്തിന്റെ തീരുമാനം മാറ്റിയിരിക്കാമെന്നും പനേസര്‍ വ്യക്തമാക്കി.