കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയർ ലീഗ് പതിമൂന്നാം സീസണ്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ സീസണ്‍ കൊവിഡ് 19 മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 15ലേക്കാണ് നിലവില്‍ ബിസിസിഐ മാറ്റിവച്ചിരിക്കുന്നത്. 

'എനിക്കൊന്നും ഇപ്പോള്‍ പറയാനാവില്ല. ഐപിഎല്‍ മാറ്റിവച്ച അതേ ദിവസത്തെ സാഹചര്യത്തില്‍ തന്നെ നില്‍ക്കുകയാണ് നാം. കഴിഞ്ഞ 10 ദിവസങ്ങളായി ഒരു മാറ്റവുമില്ല. അതിനാല്‍ എനിക്ക് ഉത്തരമില്ല. ഐപിഎല്ലില്‍ തല്‍സ്ഥിതി തുടരും'. 

ഐപിഎല്‍ പിന്നീട് നടക്കുമോ?

മൂന്നുനാല് മാസങ്ങള്‍ക്ക് ശേഷം ഐപിഎല്‍ നടത്താനുള്ള സാധ്യത സൌരവ് ഗാംഗുലി തള്ളിക്കളഞ്ഞു. 'ഭാവി പരമ്പരകളും ടൂർണമെന്‍റുകളും എല്ലാം ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ മാറ്റം വരുത്താനാവില്ല. ക്രിക്കറ്റ് മാത്രമല്ല, ലോകത്തെ എല്ലാ കായിക മത്സരങ്ങളും നിർത്തിവച്ചിരിക്കുകയാണ്'. 

Read more: കൊവിഡ് 19 ആശങ്കയില്‍ ഐപിഎല്ലിന്‍റെ ഭാവിയെന്ത്? നിർണായക സൂചനകള്‍ പുറത്ത്

'രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്‍ നടത്താനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുക നിലവില്‍ അസാധ്യമാണ്. ഇന്‍ഷുറന്‍സ് തുക എപ്പോള്‍ കിട്ടുമെന്നും പറയാനാവില്ല. കാരണം, ഇത് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ആണ്. ലോക്ക് ഡൌണ്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരുമോ എന്ന് അറിയില്ല. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. ഇപ്പോള്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കുക സാധ്യമല്ല' എന്നും ദാദ കൂട്ടിച്ചേർത്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക