അവന് ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നെസ് ഉണ്ടെന്ന് തോന്നുന്നില്ല. ഒരു 50 ഓവര്‍ മത്സരത്തിന്‍റെ ദൈര്‍ഘ്യം കൈകാര്യം ചെയ്യാന്‍ അവന്‍റെ ശരീരത്തിന് നിലവിലെ അവസ്ഥയിൽ കഴിയില്ല.

ബെംഗളൂരു: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടിയ ഓള്‍ റൗണ്ടര്‍ ശിവം ദുബെക്ക് ഏകദിന ക്രിക്കറ്റില്‍ കളിക്കാനുള്ള ഫിറ്റ്നെസ് ഉണ്ടെന്ന് തോന്നുന്നില്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ശിവം ദുബെക്ക് പറ്റിയ ഫോര്‍മാറ്റ് ടി20 ക്രിക്കറ്റാണെന്നും ഉത്തപ്പ യുട്യൂബ് ചാനലില്‍ പറഞ്ഞു.

അവന് ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നെസ് ഉണ്ടെന്ന് തോന്നുന്നില്ല. ഒരു 50 ഓവര്‍ മത്സരത്തിന്‍റെ ദൈര്‍ഘ്യം കൈകാര്യം ചെയ്യാന്‍ അവന്‍റെ ശരീരത്തിന് നിലവിലെ അവസ്ഥയിൽ കഴിയില്ല. ഫീല്‍ഡിലും അവന്‍ അത്ര വേഗതയുള്ള കളിക്കാരനല്ല. അവന്‍ മുൻപുണ്ടായിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടിട്ടില്ല എന്നതല്ല അതിനര്‍ത്ഥം.ഫിറ്റ്നെസിന്‍റെ കാര്യത്തിലും ബൗളിംഗ് വേഗതയുടെ കാര്യത്തിലും റണ്ണപ്പിന്‍റെ കാര്യത്തിലുമെല്ലാം അവന്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ അത് അതിന്‍റെ പരമാവധിയാണെന്നാണ് എനിക്ക് തോന്നുന്നത്.

അതുകൊണ്ട് അവന് നിലനില്‍ക്കാന്‍ പറ്റിയ ഫോര്‍മാറ്റ് ടി20 ക്രിക്കറ്റാണ്. നിലവില്‍ എതിരാളികള്‍ അടിച്ചുപറത്താന്‍ ആഗ്രഹിക്കുന്ന ബൗളറാണ് അവന്‍. അവന്‍റെ ഓവറുകളില്‍ എതിരാളികൾ സ്കോര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് അവന് വിക്കറ്റ് കിട്ടുന്നതെന്നും ഉത്തപ്പ പറഞ്ഞു. ഇന്ത്യക്കായി ഇതുവരെ നാല് ഏകദിനങ്ങളില്‍ മാത്രമാണ് ദുബെ കളിച്ചത്. നാലു മത്സരങ്ങളില്‍ നിന്ന് 43 റണ്‍സും ഒരേയൊരു വിക്കറ്റും മാത്രമാണ് ദുബെക്ക് നേടാനായത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയാണ് ദുബെ.

അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടിയിട്ടുള്ള താരം കൂടിയാണ് 32കാരനായ ദുബെ.ഇന്ത്യക്കായി 50 ടി20 മത്സരങ്ങളില്‍ കളിച്ച ദുബെ 139.8 സ്ട്രൈക്ക് റേറ്റില്‍ 639 റണ്‍സും 23 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക