ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിംഗ് ഓര്‍ഡര്‍ ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. കോലി ഓപ്പണറായി ഇറങ്ങിയാല്‍ മത്സരത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഇന്ത്യ പാടുപെടുമെന്നാണ് തോന്നുന്നത്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മക്ക് ഒപ്പം വിരാട് കോലി തന്നെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലില്‍ ഓപ്പണറായി തകര്‍ത്തടിച്ചെങ്കിലും അയര്‍ലന്‍ഡിനെതരായ ആദ്യ മത്സരത്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായ കോലി നിരാശപ്പെടുത്തിയിരുന്നു. നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചില്‍ കോലിക്ക് താളം കണ്ടെത്താന് കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ന് പാകിസ്ഥാനെതിരെയും കോലിയാണ് ഓപ്പണറായി ഇറങ്ങുന്നതെങ്കില്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മൽ. വിരാട് കോലി ഓപ്പണറാവാതെ മൂന്നാം നമ്പറിലിറങ്ങുന്നതാണ് ഉചിതം.രോഹിത്തിനൊപ്പം യശസ്വി ജയ്സ്വാളാണ് ഓപ്പൺ ചെയ്യേണ്ടത്. ഇതോടെ മൂന്നാം നമ്പറിലിറങ്ങുന്ന കോലിക്ക് കളി ഫിനിഷ് ചെയ്യാന്‍ അവസരം ലഭിക്കും. ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിംഗ് ഓര്‍ഡര്‍ ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. കോലി ഓപ്പണറായി ഇറങ്ങിയാല്‍ മത്സരത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഇന്ത്യ പാടുപെടുമെന്നാണ് തോന്നുന്നത്. അതിന് പകരം കോലി ഒരറ്റത്ത് നിന്ന് കളി ഫിനിഷ് ചെയ്യുകയാണ് വേണ്ടത്. കോലിയെ ഓപ്പണറാക്കിയത് അബദ്ധമാണെന്നും കമ്രാന്‍ അക്മല്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്, താളം കണ്ടെത്താനാവാതെ കോലി; ന്യൂയോർക്ക് പിച്ചിനെതിരെ പരാതിയുമായി ബിസിസിഐയും

പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയാകും സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെട്ട ടീം എന്നാണ് എനിക്ക് തോന്നുന്നത്. അയര്‍ലന്‍ഡിനെതിരെ ബൗളിംഗില്‍ ബുമ്രയും സിറാജും ഹാര്‍ദ്ദിക്കുമെല്ലാം തിളങ്ങി. ആദ്യ മൂന്ന് കളികളും ഇതേവേദിയിലാണെന്നതും ഇന്ത്യക്ക് മനുന്‍തൂക്കം നല്‍കുന്നുണ്ടെന്നും കമ്രാന്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരവും അയര്‍ലന്‍ഡിനെതിരായ മത്സരവും ഇന്ത്യ ഇതേ വേദിയിലാണ് കളിച്ചത്.

അതേസമയം, ഇന്ത്യ-പാക് പോരാട്ടം പോലെ വലിയ മത്സരങ്ങള്‍ക്ക് ഐസിസി മികച്ച പിച്ചുകള്‍ ഒരുക്കിയില്ലെങ്കില്‍ ആരാധകര്‍ കളി കാണാനുണ്ടാവില്ലെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ പിച്ച് നിലവാരമില്ലാത്തതാണെന്നും കമ്രാന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക