സ്റ്റോക്സ് കരുതിയത്, ഞാന്‍ പിച്ചില്‍ വിള്ളലുകളുണ്ടാക്കാനായി മനപൂര്‍വം പിച്ചിലെ അപകടമേഖലയില്‍ കൂടി ഓടുന്നുവെന്നാണ്. അല്ലെങ്കില്‍ തന്നെ ഇംഗ്ലണ്ട് പേസര്‍മാര്‍ അത് ചെയ്യുന്നുണ്ട്.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടിയതിന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അമ്പയറോട് പരാതിപ്പെട്ട സംഭവത്തില്‍ മറുപടിയുമായി രവീന്ദ്ര ജഡേജ. മത്സരത്തില്‍ ജഡേജയും ഗില്ലും ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ജഡേജക്കെതിരെ അമ്പയറോട് പരാതിപ്പെട്ടത്. ഇംഗ്ലണ്ടിനെതിരെ ബൗള്‍ ചെയ്യുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടാനായി ജഡേജ പിച്ചിലെ അപകട മേഖലയില്‍ കൂടി ബോധപൂര്‍വം ഓടി വിള്ളലുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സ്റ്റോക്സിന്‍റെ പരാതി. എന്നാല്‍ രണ്ടാം ദിനത്തിലെ കളിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജഡേജ സ്റ്റോക്സിന്‍റെ ആരോപണം തള്ളി.

സ്റ്റോക്സ് കരുതിയത്, ഞാന്‍ പിച്ചില്‍ വിള്ളലുകളുണ്ടാക്കാനായി മനപൂര്‍വം പിച്ചിലെ അപകടമേഖലയില്‍ കൂടി ഓടുന്നുവെന്നാണ്. അല്ലെങ്കില്‍ തന്നെ ഇംഗ്ലണ്ട് പേസര്‍മാര്‍ അത് ചെയ്യുന്നുണ്ട്. പിന്നെ ഞാനായിട്ട് എന്തിനാണ് അത് ചെയ്യുന്നത്. എനിക്കത് ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ ബാറ്റ് ചെയ്യുമ്പോൾ സ്റ്റോക്സ് അമ്പയറോട് തുടര്‍ച്ചയായി പരാതി പറയുകയായിരുന്നു. എനിക്ക് അങ്ങനെ ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല. അബദ്ധത്തില്‍ ഒന്നോ രണ്ടോ തവണ ഞാന്‍ അങ്ങനെ ഓടിയിട്ടുണ്ടാകാം. എന്നാല്‍ അത് ബോധപൂര്‍വമായിരുന്നില്ലെന്നും ജഡേജ പറഞ്ഞു.

ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താനായത് ബൗളിംഗിലും ആത്മവിശ്വാസം കൂട്ടുമെന്നും ജഡേജ വ്യക്തമാക്കി. ടീമിനായി ബാറ്റ് കൊണ്ട് സംഭാവന നല്‍കാന്‍ കഴിയുമ്പോള്‍ സന്തോഷമാണ്. പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോൾ. 210-5ല്‍ നിന്ന് വലിയൊരു സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ക്യാപ്റ്റനൊപ്പം പിടിച്ചുനിന്ന് വലിയൊരു കൂട്ടുകെട്ടുണ്ടാക്കാനായത് എനിക്ക് വലിയ ആത്മവിശ്വാമാണ് നല്‍കിയത്. വരും മത്സരങ്ങളിലും ഇതുപോലെ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ജഡേജ പറഞ്ഞു. ഒന്നാം ഇന്നിംഗ്സില്‍ 587 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ രണ്ടാം ദിനം ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റുകള്‍ 77 റണ്‍സിനിടെ വീഴ്ത്തി ഇന്ത്യ മുന്‍തൂക്കം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക