വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി. അലക്സ് ക്യാരി (63), ബ്യൂ വെബ്സ്റ്റര്‍ (60) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

സെന്‍റ് ജോര്‍ജ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി. 63 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും 60 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ഒഴികെ മറ്റൊരു ബാറ്റര്‍ക്കും ഓസീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. വിന്‍ഡീസിനായി അള്‍സാരി ജോസഫ് 61 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.

ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിന് സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 47 റണ്‍സടിച്ചു. ഉസ്മാന്‍ ഖവാജയെ(16) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അല്‍സാരി ജോസഫാണ് ഓസീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ സാം കോണ്‍സ്റ്റാസും(25) മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ കാമറൂണ്‍ ഗ്രീന്‍(26) ഒരിക്കല്‍ കൂടി നിരാശപ്പടുത്തിയപ്പോള്‍ പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന സ്റ്റീവ് സ്മിത്തിനെ(3) മടക്കി അല്‍സാരി ജോസഫ് ഓസീസിനെ ഞെട്ടിച്ചു. പിന്നാലെ ട്രാവിസ് ഹെഡിനെ(29) ഷമാര്‍ ജോസഫ് വീഴ്ത്തിയതോടെ ഓസ്ട്രേിയ 110-5ലേക്ക് തകര്‍ന്നടിഞ്ഞു.

Scroll to load tweet…

എന്നാല്‍ ആറാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബ്യൂ വെബ്‌സ്റ്റര്‍-അലക്സ് ക്യാരി സഖ്യം ഓസീസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ഇരുവരും ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അലക്സ് ക്യാരിയെ പുറത്താക്കി ജസ്റ്റിന്‍ ഗ്രീവ്സ് കൂട്ടുകെട്ട് പൊളിച്ചു. പാറ്റ് കമിന്‍സ്(17) നടത്തിയ ചെറുത്തുനില്‍പ്പ് ഓസീസിനെ 250 കടത്തിയെങ്കിലും ബ്യൂ വെബ്സ്റ്റര്‍(60) റണ്ണൗട്ടായതോടെ ഓസീസ് പോരാട്ടം അവസാനിച്ചു. വിന്‍ഡ‍ീസിനായി അല്‍സാരി ജോസഫ് നാലു വിക്കറ്റെടുത്തപ്പോള്‍ ജെയ്ഡന്‍ സീല്‍സ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക