ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയാറായിരുന്നില്ല.

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന മണിക്കൂറില്‍ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സെഞ്ചുറി നേടാതിരിക്കാനായി സമനിലക്കായി കൈ കൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. അവസാന 15 ഓവറില്‍ അത്ഭുതങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ തന്‍റെ ബൗളര്‍മാരുടെ ജോലിഭാരം കുറക്കാനാണ് ശ്രമിച്ചതെന്ന് ബെന്‍ സ്റ്റോക്സ് മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജഡേജയും സുന്ദറും സെഞ്ചുറിയോട് അടുക്കവെ സമനില സമ്മതിച്ച് ബെന്‍ സ്റ്റോക്സ് കൈ കൊടുക്കാന്‍ എത്തിയെങ്കിലും ജഡേജയും സുന്ദറും അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജഡേജയും സ്റ്റോക്സും തമ്മില്‍ വാക് പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുവരും സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യ സമനിലക്ക് സമ്മതിച്ച് കൈകൊടുത്തത്. ഈ സമയം സ്റ്റോക്സ് ജഡേജക്ക് കൈ കൊടുത്തതുമില്ല. ഇതാണ് വിവാദമായത്.

Scroll to load tweet…

സമനിലയല്ലാതെ മറ്റൊരു ഫലത്തിന് സാധ്യതയില്ലെന്ന് ഉറപ്പായതോടെയാണ് ഇന്ത്യൻ താരങ്ങള്‍ക്ക് അടുത്തെത്തി കൈ കൊടുത്ത് സമനിലയില്‍ പിരിയാനായി താന്‍ ശ്രമിച്ചതെന്ന് സ്റ്റോക്സ് പറഞ്ഞു. തന്‍റെ ബൗളര്‍മാരെ കൂടുതല്‍ പന്തെറിയിച്ച് തളര്‍ത്താതിരിക്കാനും പരിക്കേല്‍ക്കാതിരിക്കാനുമുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് സമനിലക്കായി കൈ കൊടുക്കാന്‍ പോയത്. അടുത്ത ടെസ്റ്റിന് ഇനി 3 ദിവസത്തെ ഇടവേള മാത്രമാണുള്ളത്. അതിനിടെ പ്രധാന ബൗളര്‍മാരെ എറിഞ്ഞു തളര്‍ത്തരുതെന്നാണ് കരുതിയത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ മാത്രം 47 ഓവറുകള്‍ എറിഞ്ഞ ലിയാം ഡോസൺ ബൗള്‍ ചെയ്ത് തളര്‍ന്നിരുന്നു. ഡോസണ് പേശിവലിവും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവസാന അര മണിക്കൂറിൽ മുന്‍നിര ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സ്റ്റോക്സ് പറഞ്ഞു.

Scroll to load tweet…

കളി തീരാന്‍ 15 ഓവറുകള്‍ ബാക്കിയിരിക്കെ ജഡേജ 89 റൺസും വാഷിംഗ്ടണ്‍ സുന്ദര്‍ 80 റണ്‍സും എടുത്തു നില്‍ക്കെയാണ് സ്റ്റോക്സ് സമനിലക്ക് സമ്മതിച്ച് ജഡേജക്ക് അരികിലെത്തി ഹസ്തദാനത്തിനായി കൈ നീട്ടിയത്. എന്നാല്‍ ഇതിന് സമ്മതിക്കാതെ ബാറ്റിംഗ് തുടരാനായിരുന്നു ജഡേജയുടെയും സുന്ദറിന്‍റെയും തീരുമാനം.ഇതിനുശേഷം ഹാരി ബ്രൂക്ക് എറിഞ്ഞ ഓവറില്‍ ബൗണ്ടറിയും രണ്ട് റണ്‍സും ഓടിയെടുത്ത ജഡേജ 90കളില്‍ എത്തി. ജോ റൂട്ട് എറിഞ്ഞ അടുത്ത ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടിയ സുന്ദറും 90 കള്‍ കടന്നു.ബ്രൂക്കിനെ സിക്സിന് പറത്തി ജഡേജ അടുത്ത ഓവറില്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ കൈ കൊടുക്കാനായി ഹാരി ബ്രൂക്ക് വീണ്ടും എത്തിയെങ്കിലും ഇന്ത്യൻ താരങ്ങള്‍ ഗൗനിച്ചില്ല. പിന്നാലെ ബ്രൂക്കിന്‍റെ അടുത്ത ഓവറില്‍ ഫോറും രണ്ടു റണ്‍സും ഓടിയെടുത്ത സുന്ദര്‍ സെഞ്ചുറി തികച്ച ശേഷമാണ് ഇന്ത്യ കൈ കൊടുത്ത് സമനിലക്ക് സമ്മതിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക