Asianet News MalayalamAsianet News Malayalam

സഞ്ജുവിന് കീഴില്‍ കളിക്കുന്നത് ഏറെ ആസ്വദിച്ചു: വെളിപ്പെടുത്തി ജോസ് ബട്‌ലര്‍

ഐപിഎല്‍ നിര്‍ത്തുന്നതിന് മുമ്പുള്ള അവസാന മത്സരങ്ങളില്‍ പക്വതയോടെ കളിക്കാന്‍ സഞ്ജുവിനായിരുന്നു. ക്യാപ്റ്റന്റെ കളി ഇപ്പോഴാണ് സഞ്ജു പുറത്തെടുക്കുന്നതെന്ന് പലരും വിലയിരുത്തി.

I enjoyed a lot under Sanju Samson says Jos Buttler
Author
London, First Published May 13, 2021, 10:01 PM IST

ലണ്ടന്‍: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി അരങ്ങേറിയ ഐപിഎല്‍ സീസണായിരുന്നു ഇത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടോ മൂന്നോ മത്സരങ്ങളില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഐപിഎല്‍ നിര്‍ത്തുന്നതിന് മുമ്പുള്ള അവസാന മത്സരങ്ങളില്‍ പക്വതയോടെ കളിക്കാന്‍ സഞ്ജുവിനായിരുന്നു. ക്യാപ്റ്റന്റെ കളി ഇപ്പോഴാണ് സഞ്ജു പുറത്തെടുക്കുന്നതെന്ന് പലരും വിലയിരുത്തി. ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പണ്ഡിതര്‍ പ്രശംസയുമായെത്തി. സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഒരു ടീമെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. 

എന്നാലിപ്പോള്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഞാന്‍ നല്ല രീതിയില്‍ ആസ്വദിച്ചിരുന്നുവെന്ന് ബട്‌ലര്‍ വ്യക്തമാക്കി. രാജസ്ഥാനുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു ബട്‌ലര്‍. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ വാക്കുകള്‍... ''വ്യക്തി എന്ന നിലയില്‍ ക്യാപ്റ്റന്‍സി സഞ്ജുവിനെ ഒട്ടും മാറ്റിയിരുന്നില്ല. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പൈടാതെ ഫ്രീയായി കളിക്കുന്ന താരമാണ് സഞ്ജു. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു എല്ലാവരിലേക്കും ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സാധിച്ചിരുന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ നിരവധി കാര്യങ്ങള്‍ സഞ്ജു പഠിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ പക്വതയേറിയ ചില ഇന്നിങ്‌സ് സഞ്ജു കളിച്ചു. സഞ്ജുവിന്റെ കീഴില്‍ കളിക്കുന്നത് ഞാനും ആസ്വദിച്ചിരുന്നു.'' ബട്‌ലര്‍ പറഞ്ഞുനിര്‍ത്തി. 

ഏഴ് മത്സരങ്ങളാണ് രാജസ്ഥാന്‍ ഐപിഎല്ലില്‍ കളിച്ചത്. സഞ്ജുവാണ് രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഒന്നാകെ ഏറ്റവും റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതാണ് സഞ്ജു. ഇത്രയും മത്സരങ്ങില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്.

Follow Us:
Download App:
  • android
  • ios