ഏകദിനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കളിക്കാരനാണ് റായുഡു. ഏകദിനങ്ങളില്‍ 48 റണ്‍സിന്റെ ബാറ്റിംഗ് ശരാശരിയുമുണ്ട്. അയാള്‍ക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനാവില്ല.

ദില്ലി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. എന്തിനാണ് ഋഷഭ് പന്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഇത്രമാത്രം ചര്‍ച്ച ചെയ്യുന്നതെന്നും ഗംഭീര്‍ ചോദിച്ചു.

ഋഷഭ് പന്തിന് പ്രായം അനുകൂല ഘടകമാണ്. അയാള്‍ക്ക് ഇനിയും ലോകകപ്പുകളില്‍ കളിക്കാവുന്നതേയുള്ളു. എന്നാല്‍ എന്റെ സങ്കടം മുഴുവന്‍ അംബാട്ടി റായുഡുവിനെ ഓര്‍ത്താണ്. ഏകദിനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കളിക്കാരനാണ് റായുഡു. ഏകദിനങ്ങളില്‍ 48 റണ്‍സിന്റെ ബാറ്റിംഗ് ശരാശരിയുമുണ്ട്. അയാള്‍ക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനാവില്ല. പ്രായം അയാള്‍ക്ക് അനുകൂലമല്ല. അതുകൊണ്ട് ഋഷഭ് പന്തിനെക്കുറിച്ച് മാത്രമല്ല ചര്‍ച്ച ചെയ്യേണ്ടത്-ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത ടീമിനെക്കുറിച്ച് തനിക്ക് പരാതികളില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അത് സെലക്ടര്‍മാരുടെയും ടീം ക്യാപ്റ്റന്റെയും വിശ്വാസമാണ്. അവര്‍ക്ക് വിശ്വാസമുള്ള കളിക്കാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ വിശ്വാസമാണ് പ്രധാനം. അവിടെ 100 ടെസ്റ്റ് കളിച്ച കളിക്കാരനോ ഒരു ടെസ്റ്റ് മാത്രം കളിച്ച കളിക്കാരനോ എന്നത് പ്രധാനമല്ല.

2011ലെ ലോകകപ്പ് കളിച്ച ടീമിനേക്കാള്‍ മികച്ച ബൗളിംഗ് കരുത്തുള്ള ടീമാണ് ഇത്തവണത്തേത്. ഹര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാണ്. ലോകകപ്പ് ടീമില്‍ നവദീപ് സൈനിയെക്കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു എന്റെ അഭിപ്രായം. 150 കിലോമീറ്ററില്‍ അധികം പന്തെറിയുന്ന അധികം ബൗളര്‍മാരൊന്നും ഇല്ല. അതുകൊണ്ടാണ് സൈനിയെ തന്റെ ലോകകപ്പ് ടീമിലെടുത്തതെന്നും ഗംഭീര്‍ പറഞ്ഞു.