തിരുവനന്തപുരം: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനോട് വെറുപ്പാണെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്. എംഎസ് ധോണിയും എന്‍ ശ്രീനിവാസനും ചെന്നൈ ടീമിന്‍റെ ഭാഗമായതുകൊണ്ടല്ല, മഞ്ഞനിറം ഇഷ്‌ടമല്ലാത്തതുകൊണ്ടാണ് സിഎസ്‌കെയെ വെറുക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

മഞ്ഞ ജഴ്‌സിയിൽ കളിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിനോടും തനിക്ക് വെറുപ്പാണ്. അതുകൊണ്ടാണ് ഓസ്‌ട്രേലിയക്കും ചെന്നൈക്കും എതിരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുള്ളതെന്നും ശ്രീശാന്ത് പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തൽ.

രാജസ്ഥാന്‍ റോയൽസിൽ പരിശീലകരായിരുന്ന പാഡി അപ്‌ടണെയും രാഹുല്‍ ദ്രാവിഡിനെയും അധിക്ഷേപിച്ചെന്ന ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ വിശദീകരിച്ചു. ഐപിഎല്ലില്‍ 44 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മലയാളി താരം 40 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.