2018-2019നുശേഷം വിദേശ പിച്ചുകളില്‍ എന്‍റെ ബൗളിംഗ് വളരെ മികച്ചതാണ്. വിദേശപിച്ചുകളില്‍ രാജ്യത്തിനായി കളി ജയിക്കാനും എനിക്കായിട്ടുണ്ട്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തിനനെത്തിയപ്പോള്‍ നാലു പേസര്‍മാരും ഒരു സ്പിന്നറും എന്ന കോംബിനേഷനാണ് ഇന്ത്യ സ്വീകരിച്ചത്.

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ടോപ് ഓര്‍ഡറില്‍ അഞ്ച് ഇടം കൈയന്‍ ബാറ്റര്‍മാരുണ്ടായിരുന്ന ഓസ്ട്രേലിയക്കെതിരെ ഇടം കൈയന്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാതിരുന്നതാണ് പ്രധാനമായും വിമര്‍ശനത്തിന് കാരണമായത്. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായിട്ടും അശ്വിനെ പുറത്തിരുത്തിയ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ നടപടിയെ സുനില്‍ ഗവാസ്കര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പുറത്തിരിക്കേണ്ടിവന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അശ്വിനിപ്പോള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും കഴിഞ്ഞ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നാലു വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.

2018-2019നുശേഷം വിദേശ പിച്ചുകളില്‍ എന്‍റെ ബൗളിംഗ് വളരെ മികച്ചതാണ്. വിദേശപിച്ചുകളില്‍ രാജ്യത്തിനായി കളി ജയിക്കാനും എനിക്കായിട്ടുണ്ട്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തിനനെത്തിയപ്പോള്‍ നാലു പേസര്‍മാരും ഒരു സ്പിന്നറും എന്ന കോംബിനേഷനാണ് ഇന്ത്യ സ്വീകരിച്ചത്. ആ പരമ്പര നമ്മള്‍ 2-2 സമനിലയാക്കിയിരുന്നു. അതേരീതിയിലായിരിക്കും ഓസ്ട്രേലിയക്കെതിരെയും നമ്മുടെ ക്യാപ്റ്റനും കോച്ചും ചിന്തിച്ചിരിക്കുക.

അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല, റിഷഭ് പന്ത് അതിവേഗം തിരിച്ചുവരുന്നു; ലക്ഷ്യം ഏകദിന ലോകകപ്പ്

ഒരു സ്പിന്നറെ സംബന്ധിച്ചിടത്തോളം നാലാം ഇന്നിംഗ്സ് ആണ് പ്രധാനം. അതിന് പക്ഷെ ബാറ്റര്‍മാര്‍ നല്ല റണ്‍സ് സ്കോര്‍ ചെയ്തിരിക്കണം. എന്നാല്‍ മാത്രമെ സ്പിന്നര്‍ക്ക് മത്സരത്തില്‍ ബാറ്ററില്‍ സമ്മര്‍ദ്ദം ചെലുത്താനാവു. എനിക്കിപ്പോള്‍ 36 വയസായി. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് സന്തോഷം തരുന്നത് എന്താണെന്ന് വെച്ചാല്‍ ഓരോ തവണയും ഒഴിവാക്കപ്പെടുമ്പോള്‍ മുന്‍ താരങ്ങള്‍ എനിക്ക് സന്ദേശം അയക്കാറുണ്ട്. അത് എന്നെ കൂടുതല്‍ ചെറുപ്പമാക്കുന്നു. അവര്‍ കരുതുന്നത് എന്നെ കളിപ്പിക്കാമായിരുന്നുവെന്നാണ്.

എന്നാല്‍ വസ്തുത എന്താണെന്ന് വെച്ചാല്‍ എനിക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല എന്നതാണ്. ഫൈനലിന് രണ്ട് ദിവസം മുമ്പെ എനിക്കറിയാമായിരുന്നു ഞാന്‍ കളിക്കാന്‍ പോകുന്നില്ലെന്ന്. പിന്നീട് എനിക്ക് ചെയ്യാനാവുന്നത്, ടീമിലുള്ള കളിക്കാരെ കിരീടം നേടാനായി സഹായിക്കുക എന്നതാണ്- അശ്വിന്‍ പറഞ്ഞു.