Asianet News MalayalamAsianet News Malayalam

Ganguly on Kohli : വിരാട് കോലിയുടെ മനോഭാവം ഏറെയിഷ്‌ടം, പക്ഷേ അവന്‍ ഒരുപാട് വഴക്കിടും: ഗാംഗുലി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ സൗരവ് ഗംഗുലി-വിരാട് കോലി ശീതസമരം ശക്തമാണ്

I like Virat Kohli attitude but he fights a lot says bcci president Sourav Ganguly
Author
Gurgaon, First Published Dec 19, 2021, 10:37 AM IST

ഗുഡ്‌ഗാവ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് നായകന്‍ (Team India Test Captain) വിരാട് കോലിയുടെ (Virat Kohli) മനോഭാവം താന്‍ ഏറെ ഇഷ്‌ടപ്പെടുന്നതായി ബിസിസിഐ (BCCI) പ്രസിഡന്‍റും ഇതിഹാസ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി (Sourav Ganguly). എന്നാല്‍ കോലി എല്ലാവരുമായി ഒരുപാട് വഴക്കിടുമെന്ന് ദാദ പറഞ്ഞു. ഏറ്റവും ഇഷ‌ടപ്പെട്ട മനോഭാവം ഏത് താരത്തിന്‍റേതാണ് എന്ന ചോദ്യത്തിന് ഗുഡ്‌ഗാവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗാംഗുലിയുടെ പ്രതികരണം. 

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ സൗരവ് ഗംഗുലി-വിരാട് കോലി ശീതസമരം ശക്തമാണ്. കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുവരും തമ്മിലുള്ള പോരിന് വഴിതുറന്നത്. 

ക്യാപ്റ്റന്‍സി പുകില് 

ലോകകപ്പോടെ ടി20 ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയെ നായകനായി ബിസിസിഐ നിയമിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് രോഹിത്തിനെ ഏകദിന നായകപദവി കൂടി ഏല്‍പിച്ചു. ഇതോടെ ടെസ്റ്റില്‍ മാത്രമായി കോലിയുടെ ക്യാപ്റ്റന്‍സി. കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് വേണ്ടത്ര അറിയിപ്പുകളില്ലാതെയാണ് എന്ന വിവാദം പുകയുന്നതിനിടെ ഇന്ത്യന്‍ ടീം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു. 

ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് എന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പ് കോലി വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞിരുന്നു. കോലിയുടെ ഈ വെളിപ്പെടുത്തല്‍ ഗാംഗുലിയുമായുള്ള ശീതസമരം ശക്തമാക്കി. എന്നാല്‍ നായകസ്ഥാനം രോഹിത്തിന് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്നായിരുന്നു ഗാംഗുലി നേരത്തെ അവകാശപ്പെട്ടിരുന്നത്. 

മൗനം വെടിയാന്‍ മടിച്ച് ദാദ

ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ കോലിയോട് തുടരാന്‍ ആവശ്യപ്പെട്ടു എന്നാണ് ഗാംഗുലി മുമ്പ് അവകാശപ്പെട്ടിരുന്നത്. രോഹിത്തിന് കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കില്ല എന്ന അഭ്യൂഹങ്ങള്‍ കോലി തള്ളി. എന്നാല്‍ കോലിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ല എന്ന മറുപടിയാണ് ഗാംഗുലി പിന്നാലെ നല്‍കിയത്. 

Kohli vs Ganguly : കോലിയുടെ പരാമര്‍ശങ്ങള്‍; ഗാംഗുലി വിശദീകരണം നല്‍കൂ, പ്രശ്‌നം കെട്ടടങ്ങുമെന്ന് മദന്‍ ലാല്‍

Follow Us:
Download App:
  • android
  • ios