ജീവിതത്തിൽ നേരിടേണ്ടി വന്ന 'ഏറ്റവും കഠിനമായ രാത്രിയെക്കുറിച്ച്' ഷമാനി ചോദിച്ചപ്പോൾ, നിമിഷങ്ങളോളം ഒന്നും മിണ്ടാനാവാതെ കണ്ണീരടക്കാൻ ശ്രമിച്ച് ഇരുന്ന സ്മൃതി ഏതെങ്കിലും ലോകകപ്പ് തോൽവിയാകും അതെന്ന് മാത്രമാണ് മറുപടി നൽകിയത്.
മുംബൈ: തന്‍റെ ജീവിതത്തിൽ നേരിടേണ്ടി വന്ന 'ഏറ്റവും കഠിനമായ രാത്രിയെക്കുറിച്ച്' ചോദിച്ചപ്പോള്‍ ശബ്ദമിടറി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. പോഡ്‌കാസ്റ്റർ രാജ് ഷമാനിയുമായുള്ള സംഭാഷണത്തിനിടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഏറെ വൈകാരികമായാണ് സ്മൃതി പ്രതികരിച്ചത്.
ജീവിതത്തിൽ നേരിടേണ്ടി വന്ന 'ഏറ്റവും കഠിനമായ രാത്രിയെക്കുറിച്ച്' ഷമാനി ചോദിച്ചപ്പോൾ, നിമിഷങ്ങളോളം ഒന്നും മിണ്ടാനാവാതെ കണ്ണീരടക്കാൻ ശ്രമിച്ച് ഇരുന്ന സ്മൃതി ഏതെങ്കിലും ലോകകപ്പ് തോൽവിയാകും അതെന്ന് മാത്രമാണ് മറുപടി നൽകിയത്. തുടർന്ന്, താൻ തന്‍റെ പ്രൊഫഷണൽ ലൈഫിനെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും മാത്രമേ സംസാരിക്കുകയുള്ളൂവെന്ന് സ്മൃതി വ്യക്തമാക്കുകയായിരുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചോ വിവാഹം മുടങ്ങിയതിനെക്കുറിച്ചോ സംസാരിക്കാൻ സ്മൃതി തയാറായില്ല. കോവിഡ് കാലഘട്ടവും തനിക്ക് ഏറെ കഠിനമായിരുന്നുവെന്ന് സ്മൃതി കൂട്ടിച്ചേർത്തു.
തന്‍റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് സംസാരിക്കവേ, പുറമേക്ക് ദേഷ്യപ്പെടാത്ത ആളാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ ദേഷ്യമുള്ള വ്യക്തിയാണ് താനെന്ന് സ്മൃതി പറഞ്ഞു. എന്നോട് ആരും അനാവശ്യമായി കളിക്കാൻ വരരുത്. ഞാൻ ആരുടെ കാര്യത്തിലും ഇടപെടാത്തിടത്തോളം എന്നെയും ശല്യപ്പെടുത്തരുത്. ആരോടും പക വീട്ടാൻ പോകുന്ന സ്വഭാവം എനിക്കില്ല, ആർക്കും ദോഷം വരുത്തുകയുമില്ല. എന്നാൽ എന്നോട് ചെയ്ത കാര്യങ്ങൾ ഞാൻ മറക്കില്ല. ക്ഷമിക്കാൻ സാധിച്ചേക്കാം, പക്ഷെ മറക്കില്ല, സഹതാപം താൻ ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നും സ്മൃതി പറഞ്ഞു.
മത്സരങ്ങളിൽ പരാജയപ്പെട്ടാൽ അധികനേരം നിരാശനായി ഇരിക്കാറില്ലെന്ന് സ്മൃതി വ്യക്തമാക്കി. 30 മുതൽ 40 മിനിറ്റിൽ കൂടുതൽ ഒരു കാര്യത്തെക്കുറിച്ചും ചിന്തിച്ച് വിഷമിക്കാറില്ല. പരാജയപ്പെട്ടാൽ അടുത്ത ദിവസം വീണ്ടും കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടത്.
