ഇന്ത്യയുടെ ടി20 ടീമിന്റെ ഡൊമിനേഷന് കാരണമായ രണ്ട് പേർക്കും നാളെ അതിന്റെ തുടര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കേണ്ടവനുമിടയിലാണ് മത്സരം. ശ്രേയസിനും മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനും ഈ ആശയക്കുഴപ്പത്തെ എങ്ങനെ മറികടക്കാൻ കഴിയുമെന്നാണ് ചോദ്യം

അത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരിക്കും. അവർ മൂവരും ടീമിലുണ്ടാകുക എന്നത് തന്നെ വലിയൊരു ലക്ഷ്വറിയാണ്. മൂന്നുപേരും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രയാസകരമാണ്. ആർക്ക് അവസരം ലഭിച്ചാലും അത് ടീമിന് പ്രയോജനപ്പെടുന്ന രീതിയിലാകും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, പുറത്തിരിക്കേണ്ടി വരുന്ന താരത്തിനോട് കൃത്യമായ ആശയവിനിമയം നടത്തുക എന്നതാണ്, അവർക്ക് ആത്മവിശ്വാസം നല്‍കേണ്ടതുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കായി ആര് ഓപ്പണ്‍ ചെയ്യുമെന്ന ചോദ്യത്തിന് നായകൻ ശ്രേയസ് അയ്യർ നല്‍കിയ ഉത്തരമാണിത്. അഭിഷേക് ശർമ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി. 2024ന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് അഭിഷേക്. 2026 ടി20 ലോകകപ്പ് നേടിത്തന്നതാകട്ടെ സഞ്ജു സാംസണിന്റെ അസാധാരണ ഇന്നിങ്സുകളും. മറുവശത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇന്ന് വൈഭവിലാണ് ക്രിക്കറ്റ് ലോകം കാണുന്നത്.

ഇന്ത്യയുടെ ടി20 ടീമിന്റെ ഡൊമിനേഷന് കാരണമായ രണ്ട് പേർക്കും നാളെ അതിന്റെ തുടര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കേണ്ടവനുമിടയിലാണ് മത്സരം. ശ്രേയസിനും മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനും ഈ ആശയക്കുഴപ്പത്തെ എങ്ങനെ മറികടക്കാൻ കഴിയുമെന്നാണ് ചോദ്യം.

അഭിഷേകിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനവും സഞ്ജു ലോകകപ്പിന്റെ താരമായതും വിസ്മരിക്കാൻ കഴിയുന്നതല്ല. വൈഭവിലേക്ക് വന്നാല്‍, ഒരുപക്ഷേ സച്ചിൻ തെൻഡുല്‍ക്കറിന് ശേഷം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം ആകാംഷയോടെ വീക്ഷിക്കുന്ന മറ്റൊരു താരമുണ്ടാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം പരിശോധിക്കുകയാണെങ്കില്‍ അഭിഷേകിനും സഞ്ജുവിനും മുന്നിലാണ് വൈഭവ് എന്നതില്‍ നിലവില്‍ തര്‍ക്കങ്ങളുമില്ല.

അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും അഭിഷേകിന് തന്റെ സ്കോര്‍ രണ്ടക്കത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ടി20 ലോകകപ്പ് മുതല്‍ ഇടം കയ്യൻ ബാറ്റര്‍ നിറം മങ്ങിയാണ് തുടര്‍ന്നത്, ഫൈനലിലെ അര്‍ദ്ധ സെഞ്ചുറിയായിരുന്നു ആശ്വാസം. എന്നാല്‍, ഷേര്‍ ഇ പഞ്ചാബ് ടി20 ലീഗില്‍ അമൃത്സര്‍ സൂര്‍മാസിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് 268 സ്ട്രൈക്ക് റേറ്റില്‍ 242 റണ്‍സുമായി ഫോം വീണ്ടെടുക്കാൻ അഭിഷേകിന് കഴിഞ്ഞിട്ടുണ്ട്. അത്, അന്താരാഷ്ട്ര തലത്തില്‍ ആവര്‍ത്തിക്കാൻ കഴിയേണ്ടതുണ്ട് യുവതാരത്തിന്.

ടി20 ലോകകപ്പിന് പിന്നാലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി തിളങ്ങാൻ സാധിച്ചെങ്കിലും നീലക്കുപ്പായത്തില്‍ തിരിച്ചെത്തിയതിന് ശേഷം സഞ്ജുവിന്റെ പ്രകടനവും നിരാശപകരുന്നതായിരുന്നു. അവസാന നാല് അന്താരാഷ്ട്ര മത്സരങ്ങളെടുത്താല്‍ സ്കോറുകള്‍, 27, 1, 0, 5 എന്നിങ്ങനെയാണ്, നാലും വിദേശ വിക്കറ്റില്‍. സഞ്ജുവിന്റെ കരിയറിനെ തന്നെ നിര്‍ണയിക്കാൻ കെല്‍പ്പുള്ളതാണ് അഫ്ഗാനിസ്ഥാൻ പരമ്പര. സഞ്ജുവിന് അവസരം ഒരുങ്ങുമോയെന്നതാണ് ആശങ്ക.

ഇംഗ്ലണ്ട് പര്യടനത്തില്‍ പരാജയപ്പെട്ടെങ്കിലും ദുലീപ് ട്രോഫിയിലും സിംബാബ്‌വെ പര്യടനത്തിലും തിളങ്ങാൻ വൈഭവിന് സാധിച്ചിട്ടുണ്ട്. സിംബാബ്വെയ്ക്ക് എതിരെ മൂന്ന് ടി20കളില്‍ നിന്ന് 196 സ്ട്രൈക്ക് റേറ്റില്‍ 151 റണ്‍സുമായി പരമ്പരയുടെ താരമായതും വൈഭവായിരുന്നു. പരമ്പരയില്‍ നിന്ന് സഞ്ജു ഒഴിവാക്കപ്പെട്ടപ്പോള്‍ അഭിഷേക് പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ പരിഗണിക്കേണ്ട ചില ഘടകങ്ങള്‍ക്കൂടിയുണ്ട്. പ്രത്യേകിച്ചും സഞ്ജുവിന്റെ കേസില്‍. ലോകകപ്പിനപ്പുറം മറ്റൊന്നുമില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് സെലക്ടര്‍മാര്‍ കേവലം നാല് മത്സരങ്ങള്‍ക്കൊണ്ട് സഞ്ജുവിനെ വിലയിരുത്തുകയും പുറത്തിരുത്തുകയും ചെയ്തത്. സഞ്ജു ഒരു ലോങ് റണ്‍ അര്‍ഹിക്കുന്നുണ്ടുവെന്നതില്‍ രണ്ടാമതൊരു ആലോചനയുടെ ആവശ്യമില്ല. ഇന്ത്യൻ ടീമിലെ നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമെ നിലനില്‍പ്പുണ്ടാകു, എന്നാല്‍ ആ സ്ഥിരതയിലേക്ക് എത്താൻ അവസരം കൂടി ലഭിക്കേണ്ടതുണ്ട്.

സഞ്ജുവിനേക്കാള്‍ നിറം മങ്ങി തുടര്‍ന്നിട്ടും അഭിഷേകിനെ മാറ്റി നിര്‍ത്താൻ ബിസിസിഐ തയാറായിരുന്നില്ല, അതിന്റെ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി താരം പുറത്തെടുക്കുന്ന പ്രകടനം തന്നെയാണ്. പക്ഷേ, ആ പ്രകടനം ഏറ്റവും അനിവാര്യമായ ലോകകപ്പില്‍ അഭിഷേകിന് ആവര്‍ത്തിക്കാൻ കഴിഞ്ഞില്ല. അവിടെ സഞ്ജുവായിരുന്നു ഇന്ത്യയുടെ എക്സ് ഫാക്ടറായത്. എന്നിട്ടും തഴയപ്പെട്ടു.

അജിങ്ക്യ രഹാനെ വ്യക്തമാക്കിയതുപോലെ, വൈഭവിന് മുന്നില്‍ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. 15 വയസ് മാത്രമുള്ള ഒരു താരത്തിന് മുകളില്‍ അമിതമായി സമ്മര്‍ദം ചെലുത്തേണ്ടതില്ല. കാരണം എസ്റ്റാബ്ലിഷ്ഡായുള്ള ഒരു ടോപ് ത്രീ ഇന്ത്യക്കുണ്ട്. അഭിഷേക്, സഞ്ജു, ഇഷാൻ കിഷൻ. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സഞ്ജുവിനും അഭിഷേകിനും മുൻതൂക്കം നല്‍കുകയും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വൈഭവിനെ ഇലവനിലേക്ക് എത്തിക്കുകയുമാണ് ചെയ്യേണ്ടത്.