സർഫറാസ് ഖാന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് അനില്‍ കുംബ്ലെയായിരുന്നു, എന്നാല്‍ മറ്റൊരു കാരണത്താല്‍ അതൊരു വലിയ ദുഖമായി അവസാനിച്ചു എന്ന് കുംബ്ലെ
രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റ് ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുമെന്ന് തോന്നിപ്പിച്ച ഇന്നിംഗ്സ്. രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മികച്ച തുടക്കം നേടുകയായിരുന്നു ഇന്ത്യയുടെ 26കാരന്‍ സർഫറാസ് ഖാന്‍. എന്നാല്‍ ഏകദിന ശൈലിയില്‍ ഫിഫ്റ്റി കുറിച്ചതിന് പിന്നാലെ ആരാധകർ ഏവരുടെയും നെഞ്ചില്‍ തീകോരിയിട്ട് സർഫറാസ് റണ്ണൗട്ടായി. നല്ല രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകുന്നതിന്‍റെ വേദന അങ്ങനെ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകം അനുഭവിച്ചറിഞ്ഞു. സർഫറാസ് ഖാന്‍റെ അപ്രതീക്ഷിത പുറത്താവലില്‍ ഏറ്റവും ദുഖം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം അനില്‍ കുംബ്ലെയ്ക്കാണ്.
തനിയാവർത്തനം
രാജ്കോട്ട് ടെസ്റ്റിന് മുമ്പ് സർഫറാസ് ഖാന് അരങ്ങേറ്റ ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ അനില്‍ കുംബ്ലെയായിരുന്നു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഐതിഹാസികമായി അടയാളപ്പെടുത്തിയ തന്‍റെ കരിയറിലെ കന്നി ടെസ്റ്റില്‍ കുംബ്ലെ നേരിടേണ്ടിവന്ന ദുരനുഭവം സർഫറാസ് ഖാനുമുണ്ടായി. അരങ്ങേറ്റ ടെസ്റ്റില്‍ അനില്‍ കുംബ്ലെയെ പോലെ സർഫറാസും റണ്ണൗട്ടിലൂടെയാണ് മടങ്ങിയത്. റണ്ണിനായുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജയുടെ വിളി കേട്ട് ക്രീസ് വിട്ടിറങ്ങിയ സർഫറാസിനെ മാർക് വുഡ് ത്രോയില്‍ എറിഞ്ഞിടുകയായിരുന്നു. 66 പന്തില്‍ 9 ഫോറും ഒരു സിക്സും സഹിതം 62 റണ്‍സെടുത്താണ് സർഫറാസ് ഖാന്‍ മടങ്ങിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്നത് താരത്തിന് ടെസ്റ്റ് ക്യാപ് നല്‍കിയ അനില്‍ കുംബ്ലെ തന്നെ.
'90 റണ്‍സില്‍ എത്തിയ ശേഷം രവീന്ദ്ര ജഡേജ പാടുപെട്ട് കളിക്കുമ്പോള്‍ ബാറ്റിംഗില്‍ മേധാവിത്വം അത്രയും സർഫറാസ് ഖാനുണ്ടായിരുന്നു. എന്ത് ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജഡേജയ്ക്ക് ആശയക്കുഴപ്പമുള്ളതായി അപ്പോള്‍ തോന്നി. ഇതാണ് സർഫറാസ് ഖാന്‍റെ റണ്ണൗട്ടിലേക്ക് നയിച്ച ഒരു കാര്യം എന്ന് കരുതാം. ഞാനെന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ നേരിട്ട റണ്ണൗട്ട് ദുരന്തം സർഫറാസിന് തൊപ്പിക്കൊപ്പം ചിലപ്പോള്‍ കൈമാറുകയായിരുന്നിരിക്കാം' എന്നും അനില്‍ കുംബ്ലെ വികാരനിർഭരനായി ജിയോ സിനിമയില്‍ പറഞ്ഞു. 1990ല്‍ മാഞ്ചസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ അനില്‍ കുംബ്ലെ 2 റണ്‍സില്‍ വച്ച് റണ്ണൗട്ടായിരുന്നു.
പ്രത്യേക പ്രശംസ
'രാജ്കോട്ടിലേത് സർഫറാസ് ഖാന്‍റെ ആദ്യ ടെസ്റ്റ് ഇന്നിംഗ്സാണ് എന്ന് തോന്നയിട്ടേയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സ്പിന്നിനെതിരെ മേധാവിത്വത്തോടെ സർഫറാസ് കളിക്കുന്ന കാര്യം നമുക്കറിയാം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേറിട്ട രീതിയാണ് ആവശ്യം. വളരെ ഒഴുക്കോടെയാണ് സർഫറാസ് ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ കളിച്ചത്. പേസർ മാർക്ക് വുഡിനെ പരീക്ഷിക്കുന്നത് കണ്ടു. എങ്കിലും സ്പിന്നർമാർക്കെതിരെ മുന്‍തൂക്കം നേടുന്നത് ഗംഭീരമായി. ഏത് ഷോട്ട് കളിക്കണം എന്നതിലും ബാറ്റിംഗ് രീതിയിലും സർഫറാസിന് വ്യക്തതയുണ്ടായിരുന്നു. ആക്രമിച്ച് കളിച്ച ശേഷം തൊട്ടടുത്ത പന്തില്‍ സിംഗില്‍ നേടി സ്ട്രൈക്ക് കൈമാറാനാണ് താരം ശ്രമിച്ചത്. വളരെ മികച്ച ബാറ്റിംഗ് സർഫറാസ് ഖാന് ടെസ്റ്റ് അരങ്ങേറ്റത്തില്‍ കാഴ്ചവെച്ചു' എന്നും അനില്‍ കുംബ്ലെ വ്യക്തമാക്കി.
Read more: വിളിച്ചുവരുത്തിയ വിന; അനാവശ്യ റണ്ണൗട്ടില്‍ രവീന്ദ്ര ജഡേജയോട് സർഫറാസ് ഖാന്‍ കയർത്തോ, സംഭവിച്ചത് ഇത്
