മുംബൈ: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായതിനെക്കുറിച്ച് മനസുതുറന്ന് എം എസ് ധോണി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധോണി ലോകകപ്പിലെ റണ്ണൗട്ടിനെക്കുറിച്ച് ആദ്യമായി മനസുതുറന്നത്.

രാജ്യാന്തര ക്രിക്കറ്റിലെ എന്റെ ആദ്യ മത്സരത്തിലും ഞാന്‍ റണ്ണൗട്ടായിരുന്നു. ലോകകപ്പിന്റെ സെമിയിലും അതുപോലെ റണ്ണൗട്ടായി. ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നത് ഞാനെന്താണ് ഡൈവ് ചെയ്യാഞ്ഞത് എന്നായിരുന്നു. രണ്ടിഞ്ച് വ്യത്യാസത്തിലാണ് ഞാന്‍ റണ്ണൗട്ടായത്. ഞാന്‍ ഡൈവ് ചെയ്യണമായിരുന്നു-ധോണി പറഞ്ഞു.

ധോണി പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ വിജയപ്രതീക്ഷകളും അസ്തമിച്ചിരുന്നു. ധോണി പുറത്താവുമ്പോള്‍ 9 പന്തില്‍ 24 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സിന് തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ധോണി ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.