വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവായിരുന്നു കളിയിലെ താരം
മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയില്‍(WI vs IND T20Is) മധ്യനിര താരം സൂര്യകുമാര്‍ യാദവിനെ(Suryakumar Yadav) ഇന്ത്യ ഓപ്പണറായാണ് പരീക്ഷിച്ചുവരുന്നത്. നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള സൂര്യയെ പോലൊരു താരത്തെ പരീക്ഷണവസ്തുവാക്കുന്നത് വലിയ വിമര്‍ശനം നേരിടുന്നുണ്ട്. ഇതിനിടെ സൂര്യകുമാറിന്‍റെ ബാറ്റിംഗ് പൊസിഷന്‍ സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സെലക്‌ടര്‍ സാബാ കരീം(Saba Karim).
'നാലാം നമ്പറാണ് സൂര്യകുമാര്‍ യാദവിന് ഏറ്റവും ഉചിതം എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. പ്രത്യേകിച്ച് കരുത്തുറ്റ ബൗളിംഗ് നിരയ്‌ക്കെതിരെ. ഐസിസി ടൂര്‍ണമെന്‍റുകളില്‍ നാലാം നമ്പര്‍ ഏറെ നിര്‍ണായകമാണ്. അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്. പേസര്‍മാര്‍ക്കും സ്‌പിന്നര്‍മാര്‍ക്കുമെതിരെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ മികവ് കാട്ടാന്‍ സൂര്യകുമാറിനാകും' എന്നും സാബാ കരീം ഇന്ത്യ ന്യൂസിനോട് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവായിരുന്നു കളിയിലെ താരം. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ അര്‍ധസെഞ്ചുറി സ്‌കൈ നേടിയിരുന്നു. 44 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 76 റണ്‍സെടുത്തു. 15-ാം ഓവറില്‍ മാത്രമാണ് സൂര്യ പുറത്തായത്. മൂന്ന് മത്സരങ്ങളിലും ഓപ്പണറായിറങ്ങിയ സൂര്യകുമാറാണ് പരമ്പരയില്‍ ഇതുവരെ കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്. മൂന്ന് ഇന്നിംഗ്‌സില്‍ 37 ശരാശരിയിലും 168.18 സ്‌ട്രൈക്ക് റേറ്റിലും 111 റണ്‍സ്.
മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്‍റെ(73) അര്‍ധസെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ 24 ഉം റിഷഭ് പന്ത് 33* ഉം റണ്‍സെടുത്തു. ഫ്ലോറിഡയില്‍ ഓഗസ്റ്റ് 6, 7 തിയതികളിലാണ് അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍. നാലാം ടി20ക്ക് മുമ്പ് നായകന്‍ രോഹിത് ശര്‍മ്മയുടെ പരിക്ക് ഇന്ത്യക്ക് ആശങ്കയാണ്.
സഞ്ജുവൊക്കെ ടീമിലില്ലേ; പരിക്കേറ്റ രോഹിത് ശര്‍മ്മ വിശ്രമിച്ചാലും പ്രശ്‌നമില്ലെന്ന് പാക് മുന്‍താരം
