ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി വിട്ടുനില്‍ക്കുന്നത് കനത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചയായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോലിയുടെ പിന്‍മാറ്റം. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും കോലി കളിക്കുന്ന കാര്യം സംശയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിക്കെതിരെ വിമര്‍ശനം ശക്തമാണെങ്കിലും കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടീമില്‍ നിന്ന് മാറിനില്‍ക്കുന്നതിനെ പിന്തുണയ്ക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. 

'കുടുംബമായിരിക്കണം നിങ്ങള്‍ക്ക് പ്രഥമ പരിഗണനയുള്ള കാര്യം. അത്രയേ പറയാനുള്ളൂ. വിരാട് കോലി വീട്ടില്‍ സമയം ചിലവിടാന്‍ തീരുമാനിച്ചാല്‍ ഞാനതില്‍ പ്രശ്നമൊന്നും അതിനാല്‍തന്നെ കാണുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെക്കാലം പ്രതിനിധീകരിച്ചയാളാണ് കോലി എന്ന് മനസിലാക്കണം. കോലി ലോകകപ്പ് നേടിയ താരമാണ്. ഏറെ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ്. ക്രിക്കറ്റ് ലോകത്ത് ഇതിലേറെ ഒരു താരത്തിന് എന്താണ് നേടാന്‍ കഴിയുക. പങ്കാളി, മാതാവ്, പിതാവ്, സഹോദരി... തുടങ്ങിയവരെല്ലാമാണ് നിങ്ങളെ എക്കാലവും പിന്തുണയ്ക്കുന്നവര്‍. അവരുടെ കാര്യങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കേണ്ടതുണ്ട്' എന്നും വിരാട് കോലിക്ക് ശക്തമായ പിന്തുണയായി ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു. 

രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാനാണ് വിരാട് കോലി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ വിരാടിന്‍റെ സഹതാരവും ഉറ്റ സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. എന്നാല്‍ എബിഡി ഇപ്പോള്‍ മലക്കംമറിഞ്ഞു. 'വിരാട് കോലി വീണ്ടും അച്ഛനാവാന്‍ പോകുന്നുവെന്നത് വാര്‍ത്ത തെറ്റാണ്. കോലിയെ സംബന്ധിച്ച് കുടുംബത്തിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. വിരാട് കോലിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നത് ആര്‍ക്കും അറിയില്ല. എനിക്കാകെ ചെയ്യാവുന്നത് ആശംസകള്‍ കൈമാറുക മാത്രമാണ്' എന്നുമാണ് എബിഡിയുടെ ഇപ്പോഴത്തെ വാക്കുകള്‍. 

Read more: 360 ഡിഗ്രി മലക്കം മറിഞ്ഞ് ഡിവില്ലിയേഴ്സ്; കോലി വീണ്ടും അച്ഛനാവാൻ പോവുന്നുവെന്ന് പറഞ്ഞത് ശരിയല്ലെന്ന് വിശദീകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം