2021ല്‍ ദുബായില്‍ നടന്ന ഐപിഎല്ലില്‍ ടീമിന്‍റെ മോശം പ്രകടനത്തിനുശേഷം ഞാനും സഞ്ജുവും രാത്രി രണ്ട് മണിയോടെ സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ പറഞ്ഞത്, സഞ്ജു ക്യാപ്റ്റനായി ഇത് നിന്‍റെ ആദ്യ സീസണാണ്. ട്രെയിനറായി എന്‍റെയും. ഇങ്ങനെ കളിക്കാതെ അടുത്ത സീസണില്‍ നമുക്ക് വലിയ വല്ല ടീമിലേക്കും പോകാമെന്ന്.
ചെന്നൈ: ഐപിഎല്ലില്‍ 2021ലെ നിരാശാജനകമായ സീസണുശേഷം ക്യാപ്റ്റന്‍ സാഞ്ജു സാംസണോട് ഏതെങ്കിലും വലിയ ടീമില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ട്രെയിനര്‍ എ ടി രാജാമണി. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെ വലിയ ടീമാക്കി മാറ്റാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അശ്വിനെയും ചാഹലിനെയും പ്രസിദ്ധ് കൃഷ്ണയെയും പോലുള്ള വലിയ താരങ്ങളെ ലേലത്തില്‍ ടീമിലെത്തിക്കണമെന്നും സഞ്ജു പറഞ്ഞതായി രാജസ്ഥാന്‍റെ സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് ആയ രാജാമണി സ്പോര്‍ട്സ് വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടീമിനെക്കുറിച്ച് സഞ്ജുവിന് ഒരു കാഴ്ചപ്പാടുണ്ടെന്നും രാജാമണി പറഞ്ഞു.
2021ല്‍ ദുബായില്‍ നടന്ന ഐപിഎല്ലില്‍ ടീമിന്‍റെ മോശം പ്രകടനത്തിനുശേഷം ഞാനും സഞ്ജുവും രാത്രി രണ്ട് മണിയോടെ സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ പറഞ്ഞത്, സഞ്ജു ക്യാപ്റ്റനായി ഇത് നിന്‍റെ ആദ്യ സീസണാണ്. ട്രെയിനറായി എന്‍റെയും. ഇങ്ങനെ കളിക്കാതെ അടുത്ത സീസണില്‍ നമുക്ക് വലിയ വല്ല ടീമിലേക്കും പോകാമെന്ന്. എന്നാല്‍ സഞ്ജു പറഞ്ഞത്, അണ്ണാ, ഈ ടീമിനെ നമുക്ക് വലിയ ടീമാക്കി മാറ്റാമെന്നാണ്. ഈ ടീമിനെ വലിയ ടീമാക്കാന്‍ എല്ലാ കുതിരകളെയും കൊണ്ടുവരണമെന്നാണ് സഞ്ജു പറഞ്ഞത്.
അപ്പോഴാണ് പറഞ്ഞത് അശ്വിനെ കൊണ്ടുവരാം, ചാഹലിനെ കൊണ്ടുവരാം, പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവരാമെന്നൊക്കെ. സഞ്ജു സാംസണ്‍ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം എം എസ് ധോണിയാണ്. അവന്‍ മാത്രം സുഖമായി ഇരിക്കണമെന്നല്ല എപ്പോഴും കരുതുന്നത്. കൂടെയുള്ളവരും നന്നായി ഇരിക്കണമെന്ന് അവന് നിര്‍ബന്ധമാണ്. അവന് കിട്ടുന്ന ഐപിഎല്‍ പ്രതിഫലമായ 15 കോടിയില്‍ നിന്ന് രണ്ട് കോടി രൂപ അവന്‍ ടീമിന് തന്നെ തിരിച്ചു നല്‍കി യുവതാരങ്ങളുടെയും ആഭ്യന്തര ക്രിക്കറ്റിലെ കളിക്കാരുടെയും പരിശീലനത്തിനായി നീക്കിവെച്ചിട്ടുണ്ട്. അവന്‍ സമ്പാദിക്കുന്നത് അവന് മാത്രമല്ല, അവന്‍റെ ചുറ്റുമുള്ളവര്‍ക്ക് കൂടി പങ്കിടുന്ന താരമാണെന്നും രാജാമണി പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് നല്ല ഭാവിയുണ്ട്. സഞ്ജു കഠിനാധ്വാനിയായ ക്രിക്കറ്ററാണ്. ഇന്ത്യന്‍ ടീമായാലും ഐപിഎല്ലായാലും അവന് ക്രിക്കറ്റ് കളിക്കണമെന്നതാണ് അഗ്രഹം.

സഞ്ജുവിന്‍റെ അറിയാത്ത ഒരുപാട് കഴിവുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഈ സീസണില്‍ ഞങ്ങള്‍ക്ക് ആദ്യ പകുതി നല്ലതായിരുന്നു. പക്ഷെ ലഖ്നൗവിനെതിരായ മത്സരം തോറ്റതോടെയാണ് ഞങ്ങളുടെ വിജയത്തുടര്‍ച്ച നഷ്ടമായത്. എല്ലാ മത്സരങ്ങള്‍ക്കും ഒരു മോശം കളിയുണ്ടാകും. ഞങ്ങള്‍ക്ക് ഇത്തവണ രണ്ട് മത്സരങ്ങള്‍ അത്തരത്തില്‍ മോശം കളിയായിരുന്നുവെന്നും രാജാമണി പറഞ്ഞു.
