ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍ നടക്കും. പരമ്പര നേടാനൊരുങ്ങുന്ന ഇന്ത്യ, പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആയുഷ് ബദോനിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.
രാജ്‌കോട്ട്: ഇന്ത്യ - ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ഇന്ന്. രാജ്‌കോട്ടില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. രാജ്‌കോട്ടില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്. പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആയുഷ് ബദോനിക്ക് അരങ്ങേറ്റം നല്‍കുമോയെന്നാണ് ആകാംക്ഷ. സ്‌പെഷ്യലിസ്റ്റ് ബാറ്ററാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ പാര്‍ട് ടൈം ബൗളറായി തിളങ്ങിയ മികവാണ് ബദോനിയെ ടീമിലെത്തിച്ചത്.
ബദോനിക്ക് വെല്ലുവിളി ആയി നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്. ശുഭ്മന്‍ ഗില്‍ രോഹിത് ശര്‍മ്മ ഓപ്പണിംഗ് കൂട്ടുകെട്ട് നല്ല തുടക്കം നല്‍കിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. വിരാട് കോലി ഉഗ്രന്‍ ഫോമില്‍. മധ്യനിരയില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും വിശ്വസ്തര്‍. ബൗളിംഗ് നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അര്‍ഷ്ദീപ് സിംഗിനെയും പരിഗണിക്കുന്നു. പരന്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡിന് ജയം അനിവാര്യം. ഡാരില്‍ മിച്ചലിന്റെ ബാറ്റിലേക്കാണ് കിവീസ് ഉറ്റുനോക്കുന്നത്.
ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ് എന്നിവരും അവസരത്തിനൊത്തുയരണം. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ പരീക്ഷണത്തിന് സാധ്യത. രാജ്‌കോട്ടില്‍ കാര്യമായ മഞ്ഞുവീഴ്ച ഇല്ലാത്തതിനാല്‍ ടോസ് നിര്‍ണായകമാവില്ല. തുടക്കത്തില്‍ പേസര്‍മാരെ തുയണയ്ക്കുന്ന വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 റണ്‍സിലേറെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍ അറിയാം.
ടീം ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ആയുഷ് ബദോനി / നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

