മുംബൈ:  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി അഭിപ്രായഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ട്വീറ്റിലൂടെയാണ് രോഹിത് നിലപാട് അറിയിച്ചത്. ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെയാണ് രോഹിത്തും കോലിയും രണ്ട് തട്ടിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനിടെ രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കോലിയെയും ഭാര്യ അനുഷ്ക ശര്‍മയെയും പിന്തുടരുന്നത് നിര്‍ത്തിയത് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

എന്നാല്‍ രോഹിത്തുമായി തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ വിന്‍ഡീസിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി നിഷേധിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും സംശയമുള്ളവര്‍ക്ക് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തി അവിടുത്തെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം മനസിലാക്കാമെന്നും കോലി പറഞ്ഞിരുന്നു.