കഴിഞ്ഞ തവണ കൂടുതല്‍ റണ്‍സും സെഞ്ചുറിയും രോഹിത് ശര്‍മ്മയ്‌ക്കായിരുന്നു
ദില്ലി: സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് കിരീടം വീണ്ടും ഉയര്‍ത്താന്‍ വേണ്ടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇക്കുറി ഇറങ്ങുന്നത്. ഒരുപിടി സീനിയര്‍ താരങ്ങളുടെ അവസാന ഏകദിന ലോകകപ്പായിരിക്കും ഇതെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ ഇത്തവണ കിരീടം ഉയര്‍ത്തേണ്ടത് പല താരങ്ങള്‍ക്കും കരിയറിലെ ഏറ്റവും വലിയ ആവശ്യമാണ്. ഇത്തവണ കപ്പുയര്‍ത്താന്‍ ഇന്ത്യക്ക് കഴിയുമോ? കഴിയണം എന്നാണ് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പറയുന്നത്. ലോകകപ്പില്‍ വിരാട് കോലി ഉയര്‍ന്ന റണ്‍വേട്ടക്കാരനാകണം എന്നും വീരു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോകകപ്പില്‍ കൂടുതല്‍ റണ്‍സും സെഞ്ചുറിയും രോഹിത് ശര്‍മ്മയ്‌ക്കായിരുന്നു.
ചീക്കു (വിരാട് കോലിയുടെ വിളിപ്പേര്) ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാവണം. ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറിയും അവന്‍ നേടണം. ഒരിക്കല്‍ക്കൂടി ലോകകപ്പ് കോലി ഉയര്‍ത്തണം എന്നും സെവാഗ് ക്രിക്‌ബസിനോട് പറഞ്ഞു. 2011ന് ശേഷം ഏകദിന ലോകകപ്പ് ഉയര്‍ത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായിട്ടില്ല. അന്ന് ഇന്ത്യ വേദിയായ ടൂര്‍ണമെന്‍റില്‍ സെവാഗ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം കോലിയുമുണ്ടായിരുന്നു. കഴിഞ്ഞ 2019 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായിരുന്നു കിരീടം. എന്നാല്‍ അഞ്ച് സെഞ്ചുറികള്‍ സഹിതം 9 കളികളില്‍ 648 റണ്‍സുമായി രോഹിത് ശര്‍മ്മയായിരുന്നു ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന റണ്‍സ്കോറര്‍. ഇത്രതന്നെ മത്സരങ്ങളില്‍ 443 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.
എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് 2011 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവ്‌രാജ് സിംഗ്, സഹീര്‍ ഖാന്‍, സുരേഷ് റെയ്‌ന, എസ് ശ്രീശാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അന്ന് യുവതാരമായി കോലിയും ഇന്ത്യയുടെ ലോകകപ്പ് ജയത്തില്‍ പങ്കാളിയായി. ഇതിന് ശേഷം ഐസിസി ലോകകപ്പ് ഇന്ത്യക്ക് കിട്ടാക്കനിയാണ്. ഇക്കുറി ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കും.
