തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴ കുളമാക്കുമോ എന്ന ആശങ്കയുണ്ട്
തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ ഞായറാഴ്‌ച തിരുവനന്തപുരത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്‌ച നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ടീം ഇന്ത്യയുടെ പോരാട്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും നേതൃത്വത്തില്‍ ഇന്ത്യന്‍ പട തലസ്ഥാനത്ത് എത്തിയപ്പോള്‍ പക്ഷേ വിരാട് കോലി ടീമിനൊപ്പമുണ്ടായിരുന്നില്ല.
വ്യക്തിപരമായ കാരണങ്ങള്‍ മുംബൈയിലേക്ക് പോകാന്‍ തന്നെ അനുവദിക്കണമെന്ന് വിരാട് കോലി ബിസിസിഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. ആദ്യ സന്നാഹ മത്സരത്തിന്‍റെ വേദിയായിരുന്ന ഗുവാഹത്തിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരാതെ കോലി മുംബൈയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇന്ന് തിങ്കളാഴ്‌ച കോലി തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് കോലി മുംബൈയിലേക്ക് പോയത് എന്ന് ബിസിസിഐ വൃത്തങ്ങള്‍ ക്രിക്‌ബസിനോട് വ്യക്തമാക്കി. കോലി ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും എന്നും ബിസിസിഐ കേന്ദ്രങ്ങള്‍ പറഞ്ഞു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചത്. പേസര്‍ ജസ്പ്രീത് ബുമ്രയാണ് വിമാനത്താവളത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ പേസര്‍ മുഹമ്മദ് ഷമിയെത്തി. ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ ഇവര്‍ക്ക് പിന്നാലെ ടീം ബസിലേക്ക് കയറി. ഷാര്‍ദ്ദുല്‍ താക്കൂര്‍, ശുഭ്‌മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പിന്നിലായാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. കനത്ത മഴയിലും നൂറു കണക്കിനാരാധകരാണ് താരങ്ങളെ കാണാന്‍ വിമാനത്താവളത്തിലെത്തിയത്. താരങ്ങള്‍ ഓരോരുത്തരായി പുറത്തിറങ്ങുമ്പോള്‍ പേരെടുത്ത് വിളിച്ച് അഭിവാദ്യം ചെയ്യാനും ആരാധകര്‍ മറന്നില്ല.
തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴ കുളമാക്കുമോ എന്ന ആശങ്കയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയാണ് ദിവസങ്ങളായി പെയ്യുന്നത്. ഇവിടെ മുമ്പ് നടന്ന ദക്ഷിണാഫ്രിക്ക- അഫ്ഗാന്‍ മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു. പിന്നാലെ നടന്ന ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ് മത്സരം 23 ഓവറാക്കി ചുരുക്കിയെങ്കിലും കനത്ത മഴ മത്സരം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. ഗുവാഹത്തിയിലെ ഇംഗ്ലണ്ടിനെതിരായ ടീം ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഒരു പന്ത് പോലും എറിയാന്‍ മഴ സമ്മതിച്ചിരുന്നില്ല.
Read more: ലോകകപ്പ് സന്നാഹത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തി, എതിരേറ്റ് കനത്ത മഴ
