കറാച്ചി: അജിങ്ക്യാ രഹാനെക്ക് കീഴില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവന്ന് മെല്‍ബണില്‍ ഗംഭീര വിജയം നേടിയ ഇന്ത്യ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.

ഡല്‍ഹിയിലെ ചില സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ബാറ്റിംഗ് ക്ലിക്കാവുകയും മധ്യനിര തിളങ്ങുകയും ചെയ്താല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന്. ഞാനല്‍പ്പം കടത്തി പറയുകയാണെന്നാണ് അപ്പോള്‍ അവരെന്നോട് പറഞ്ഞത്.

ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ ശാന്തനാണ്. അദ്ദേഹം ഗ്രൗണ്ടില്‍ അലറി വിളിക്കുകയോ ആക്രോശിക്കുകയോ ചെയ്യാറില്ല. അദ്ദേഹം എന്താണോ ചെയ്യുന്നത് അത് വളരെ ശാന്തമായി കൃത്യമായി ചെയ്യുന്നു. കൂളായ നാകനാണ് രഹാനെ. അദ്ദേഹത്തിന് കീഴില്‍ ടീം അംഗങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. അതില്‍ ബുമ്രയും ഗില്ലും ജഡേജയുമെല്ലാം നിര്‍ണായക പങ്കുവഹിച്ചു.

10-15 വര്‍ഷം മുമ്പ് ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ ഇന്ത്യയോ പാക്കിസ്ഥാനോ തോല്‍പ്പിക്കുമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടോ. ഇപ്പോഴത് സംഭവിക്കുന്നു. രഹാനെക്ക് കീഴില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര നേടുന്നത് കാണനാണ് ഞാന്‍ കാത്തിരിക്കുന്നത്. മെല്‍ബണ്‍ ടെസ്റ്റില്‍ രഹാനെ നേടിയ സെഞ്ചുറി പരമ്പരയില്‍ വഴിത്തിരിവാണെന്നും അക്തര്‍ പറഞ്ഞു.