സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതിന് പിന്നില്‍ ടീം മാനേജ്മെന്‍റിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മധ്യനിരയില്‍ സഞ്ജുവിന് തിളങ്ങാനായില്ലെങ്കില്‍ സ്വാഭാവികമായും ശ്രേയസ് അയ്യര്‍ പകരം ടീമിലെത്തും.

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണ് ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്താനായിരുന്നില്ല. വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്‍ അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തതോടെ മധ്യനിരയിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അഞ്ചാം നമ്പറിലായിരുന്നു ടീം ലിസ്റ്റില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് പൊസിഷന്‍. യുഎഇക്കെതിരെ തകര്‍പ്പന്‍ തുടക്കത്തിനുശേഷം അഭിഷേക് പുറത്തായപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയതാകട്ടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. ഈ സാഹചര്യത്തില്‍ വരും മത്സരങ്ങളിലും മധ്യനിരയില്‍ തന്നെയായിരിക്കും സഞ്ജുവിന് അവസരം ലഭിക്കുകയെന്നും തിളങ്ങിയില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താവുമെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.

സഞ്ജുവിന്‍റെ ലാസ്റ്റ് ചാന്‍സ്

മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് സഞ്ജു 62 റണ്‍സ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു. അതേസമയം ഓപ്പണറായി ഇറങ്ങി 11 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി അടക്കം 522 റണ്‍സ് സഞ്ജു നേടി. സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറക്കുന്നത് ശ്രേയസ് അയ്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കാൻ വേണ്ടിയാണെന്നും ശ്രീകാന്ത് പറഞ്ഞു.

സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതിന് പിന്നില്‍ ടീം മാനേജ്മെന്‍റിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മധ്യനിരയില്‍ സഞ്ജുവിന് തിളങ്ങാനായില്ലെങ്കില്‍ സ്വാഭാവികമായും ശ്രേയസ് അയ്യര്‍ പകരം ടീമിലെത്തും. അതുകൊണ്ട് തന്നെ അടുത്ത രണ്ടോ മൂന്നോ ഇന്നിംഗ്സുകള്‍ സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണായകമാണ്. സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നതിനെ ഞാന്‍ വ്യക്തിപരമായി അനുകൂലിക്കുന്നില്ല. ആ സ്ഥാനത്ത് അവന് അധികം ബാറ്റ് ചെയ്ത് പരിചയവുമില്ല. മധ്യിനരയില്‍ ഇറങ്ങി തിളങ്ങാനായില്ലെങ്കില്‍ അത് സഞ്ജുവിന്‍റെ ആത്മവിശ്വാസത്തെ ബാധിക്കും. പക്ഷെ സഞ്ജുവിന് ഞാനൊരു മുന്നറിയിപ്പ് നല്‍കുകയാണ്. ഇത് അവന്‍റെ അവസാന അവസരമാണ്. അടുത്ത രണ്ടോ മൂന്നോ ഇന്നിംഗ്സുകളില്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സഞ്ജു ടീമില്‍ നിന്ന് പുറത്താവും. പകരം ശ്രേയസ് അയ്യര്‍ ആ സ്ഥാനത്ത് എത്തും.

ഫിനിഷറല്ല സഞ്ജു

ഫിനിഷര്‍മാരായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ടീമിലുള്ളപ്പോള്‍ സ‍ഞ്ജുവിനെ ഫിനിഷറായി കളിപ്പിക്കേണ്ട കാര്യമില്ല. പക്ഷെ അഞ്ചാം നമ്പറില്‍ സഞ്ജുവിന് മികവ് കാട്ടാനാകുമോ എന്നാണ് പ്രസക്തമായ ചോദ്യം. ജിതേഷ് ശര്‍മയെ തഴഞ്ഞാണ് സഞ്ജുവിന് മധ്യനിരയില്‍ ഇടം നല്‍കിയത്. ഏഷ്യാ കപ്പ് ആയതുകൊണ്ട് അത് കുഴപ്പമില്ല. പക്ഷെ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും ഇതുതന്നെയായിരിക്കുമോ ടീമിന്‍റെ നയം. ഈ ടീമിനെ വെച്ച് ഇന്ത്യക്ക് ഏഷ്യാ കപ്പ് ജയിക്കാനാകുമെങ്കിലും അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ജയിക്കാനാവില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

കാരണം, സെലക്ടര്‍മാര്‍ ഇപ്പോൾ തിരിഞ്ഞു നടക്കുകയാണ് ചെയ്യുന്നത്. അക്സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി. അതുപോലെ റിങ്കു സിംഗും, ശിവം ദുബെയും ഹര്‍ഷിത് റാണയുമെല്ലാം എങ്ങനെയാണ് ടീമില്‍ തിരിച്ചെത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല. ഐപിഎല്‍ മാത്രമാകരുത് ടീമിലെത്താനുള്ള മാനദണ്ഡം. അതിന് മുമ്പുള്ള കളിക്കാരുടെ പ്രകടനങ്ങളും കണക്കിലെടുക്കണമെന്നും ശ്രീകാന്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക