യുഎഇ താരം ജുനൈദ് സിദ്ദീഖിയെ സഞ്ജുറണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു.
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍. രണ്ട് ക്യാച്ചുകളുമായി വിക്കറ്റിന് പിന്നില്‍ തിളങ്ങിയ സഞ്ജു യുഎഇ താരം ജുനൈദ് സിദ്ദീഖിയെ റണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു. മത്സരത്തിലെ പതിമൂന്നാം ഓവറിലായിരുന്നു സഞ്ജുവിന്‍റെ മാത്രം ബ്രില്യൻസില്‍ കിട്ടിയ റണ്ണൗട്ട് ഇന്ത്യ വേണ്ടെന്ന് വെച്ചത്.
ശിവം ദുബെയുടെ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സിദ്ദീഖിക്ക് പന്ത് കണക്ട് ചെയ്യാനായില്ല. വിക്കറ്റിന് പിന്നില്‍ പന്ത് പിടിച്ച സഞ്ജു സിദ്ദിഖിയുടെ കാല്‍ ക്രീസിന് പുറത്താണെന്ന് വ്യക്തമായതോടെ പന്ത് സ്റ്റംപിലേക്ക് എറിഞ്ഞ് ബെയ്ൽസിളക്കി ഔട്ടിനായി അപ്പീല്‍ ചെയ്തു. വീഡിയോ റീപ്ലേ പരിശോധിച്ച ടിവി അമ്പയര്‍ അത് ഔട്ട് വിളിക്കുകയും സക്രീനിലെ ബിഗ് സ്ക്രീനില്‍ ഔട്ട് എന്ന് തെളിയുകയും ചെയ്തു. പിന്നാലെ ഫീല്‍ഡ് അമ്പയറും ഔട്ടെന്ന് വിധിച്ച് വിരലുയര്‍ത്തി. എന്നാല്‍ ഇതിനിടെ ജസ്പ്രീത് ബുമ്ര സഞ്ജുവിന് അടുത്തെത്തി എന്തോ വിശദീകരിക്കുന്നത് കാണാമായിരുന്നു. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും സിദ്ദീഖി ക്രീസ് വിട്ടുപോയില്ല.
പിന്നാലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് അടുത്തെത്തി റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അറിയിച്ചു. പന്തെറിയാനുള്ള റണ്ണപ്പിനിടെ ശിവം ദുബെയുടെ അരയില്‍ തിരുകിയിരുന്ന ടവല്‍ താഴെ വീണിരുന്നു. ഇത് ബാറ്ററുടെ ശ്രദ്ധ മാറ്റുന്ന കാര്യമായതിനാലാണ് സൂര്യകുമാര്‍ യാദവ് റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അമ്പയറെ അറിയിച്ചത്. റണ്ണപ്പിനിടെ ശിവം ദുബെയുടെ അരയില്‍ നിന്ന് ടവല്‍ ഗ്രൗണ്ടില്‍ വീണ കാര്യം അമ്പയര്‍ ശ്രദ്ധിച്ചിരുന്നില്ല. ആ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ പന്ത് ഡെഡ് ബോളായി വിധിക്കുകയാണ് അമ്പയര്‍ ചെയ്യാറുള്ളത്.
റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് സൂര്യകുമാര്‍ അറിയിച്ചതോടെ അമ്പയര്‍ ജുനൈദിനെ നോട്ടൗട്ട് വിധിച്ചു. എന്നാല്‍ നീട്ടിക്കിട്ടിയ ആയുസ് മുതലാക്കാന്‍ സിദ്ദീഖിനായില്ല. ഒരു പന്ത് കഴിഞ്ഞതിന് പിന്നാലെ ശിവം ദുബെ തന്നെ സിദ്ദീഖിയെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് എറിഞ്ഞ അടുത്ത ഓവറില്‍ ഹൈദര്‍ അലിയെ കൈയിലൊതുക്കിയ സഞ്ജു യുഎഇ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു.
