Asianet News MalayalamAsianet News Malayalam

പ്രതീക്ഷ കൈവിടില്ല, ഡിപ്രഷനടിച്ച് ഇരിക്കുകയുമില്ല;ഇന്ത്യന്‍ ടീമിലെത്താനുള്ള ശ്രമം തുടരുമെന്ന് സര്‍ഫ്രാസ് ഖാന്‍

ടീം സെലക്ഷന്‍റെ വാര്‍ത്ത വരുമ്പോള്‍ ഞാന്‍ അസമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ആ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നെ മാത്രം എന്താണ് സെലക്ട് ചെയ്യാത്തതെന്ന ചിന്തയായിരുന്നു മനസില്‍.

I will keep trying says Sarfaraz Khan over Indian team exclusion
Author
First Published Jan 16, 2023, 2:10 PM IST

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സര്‍ഫ്രാസ് ഖാന്‍റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്‍സ് അടിച്ചു കൂട്ടിയിട്ടും സര്‍ഫ്രാസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെപ്പോലും അമ്പരപ്പിച്ചിരുന്നു. സര്‍ഫ്രാസിന് പകരം മധ്യനിരയില്‍ ടി20 ക്രിക്കറ്റില്‍ തരംഗം തീര്‍ക്കുന്ന സൂര്യകുാര്‍ യാദവിനെയാണ് ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്. 2019നുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ 22 ഇന്നിംഗ്സില്‍ 134.64 ശരാശരിയില്‍ 2289 റണ്‍സാണ് സര്‍ഫ്രാസ് അടിച്ചുകൂട്ടിയത്.

ടീമിലേക്ക് പരിഗണിക്കാതിരുന്നതിന്‍റെ പേരില്‍ പരിശീലനം മുടക്കാനോ ഡിപ്രഷനടിച്ച് ഇരിക്കാനോ ഇല്ലെന്നും പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും സര്‍ഫ്രാസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ടീം സെലക്ഷന്‍റെ വാര്‍ത്ത വരുമ്പോള്‍ ഞാന്‍ അസമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ആ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നെ മാത്രം എന്താണ് സെലക്ട് ചെയ്യാത്തതെന്ന ചിന്തയായിരുന്നു മനസില്‍. എന്നാല്‍ തിരിച്ചെത്തിയശേഷം പിതാവിനോട് സംസാരിച്ചതോടെ ഞാന്‍ സാധാരണ മനോനില വീണ്ടെടുത്തു. അതുകൊണ്ടുതന്നെ സെലക്ഷന്‍ കിട്ടാത്തതിന്‍റെ പേരില്‍ പരിശീലനം മുടക്കാനോ ഡിപ്രഷനടിച്ച് ഇരിക്കാനോ ഞാനില്ല. ഇന്ത്യന്‍ ടീമിലെത്താനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും-സര്‍ഫ്രാസ് പറഞ്ഞു.

എവിടെ പോകുമ്പോളും ഞാന്‍ വൈകാതെ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുമെന്ന് ആളുകള്‍ അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ ഞാന്‍ കണ്ടിരുന്നു. എന്നെ തെരഞ്ഞെടുക്കാത്തതിന്‍റെ പേരില്‍ ആയിരക്കണക്കിന് സന്ദേശങ്ങളാണ് വന്നത്. എല്ലാവരും പറയുന്നത് എന്‍റെ സമയം വരുമെന്നു തന്നെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയധികം റണ്‍സടിച്ചിട്ടും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നതില്‍ സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ തകര്‍ന്നിരുന്നു. കാരണം ഞാനുമൊരു മനുഷ്യനാണല്ലോ, യന്ത്രമൊന്നുമല്ലല്ലോ, എനിക്കും വികാരങ്ങളുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം പിതാവിനോട് സംസാരിക്കുകയും അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുകയും ചെയ്തതോടെ എന്‍റെ വിഷമമൊക്കെ മാറി. എന്‍റെ ജോലി റണ്‍സടിക്കുക എന്നതാണെന്നും ഇന്ത്യക്കായി കളിക്കുന്ന നിന്‍റെ സമയം വരുമെന്നും പിതാവ് പറഞ്ഞു. അതുകൊണ്ട് ആ വിശ്വാസം വെച്ച് മികച്ച പ്രകടനം തുടരുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ബാക്കിയെല്ലാം കാലം മറുപടി പറയുമെന്നും സര്‍ഫ്രാസ് പറഞ്ഞു.

'പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റ്'; കായിക മന്ത്രിയുടെ പരാമർശത്തെ തള്ളി എം വി ജയരാജൻ

Follow Us:
Download App:
  • android
  • ios