അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെയായിരുന്നു ധോണിയുടെ വൈറൽ കുറിപ്പ്.
മുംബൈ: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ അഭിനന്ദിച്ച് മുന്‍ നായകന്‍ എം എസ് ധോണി പങ്കുവെച്ച അഭിനന്ദ കുറിപ്പിന് രസകരമായ മറുപടിയുമായി ഗംഭീർ. ഭാവിയിൽ ധോണി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തണമെന്നും താൻ ഗാലറിയിലിരുന്ന് ധോണിയെ അഭിനന്ദിക്കണമെന്നുമാണ് ആഗ്രഹമെന്ന് ഗംഭീർ പറഞ്ഞു.
അഹമ്മദാബാദിൽ നടന്ന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെയായിരുന്നു ധോണിയുടെ വൈറൽ കുറിപ്പ്. കോച്ച് സാബ്, ആ ചിരി നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട്. കാരണം, താങ്കളുടെ ആക്രമണോത്സുകതയം ആ ചിരിയും ചേർന്നാൽ അതൊരു കില്ലർ കോംബോയാണ് എന്നായിരുന്നു ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലോകകപ്പ് വിജയത്തിന്‍റെ ആവേശത്തിനിടയിലും ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു ധോണിയുടെ സന്ദേശം. റേവ് സ്പോര്‍ട്സ് കോണ്‍ക്ലേവില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഗംഭീര്‍ രസകരമായി പ്രതികരിച്ചത്.
ധോണി ലോകകപ്പ് ഫൈനൽ കാണാൻ എത്തിയത് വലിയ കാര്യമാണ്. എന്നോട് ചിരിക്കാൻ ആവശ്യപ്പെട്ടതിലും സന്തോഷം. എന്നെങ്കിലും ഒരു ദിവസം അദ്ദേഹം എന്‍റെ സ്ഥാനത്ത് (പരിശീലകനായി) ഇരിക്കണമെന്നും ഞാൻ ഇതേപോലെ അദ്ദേഹത്തിന് അഭിനന്ദന സന്ദേശം അയക്കണമെന്നും ആഗ്രഹിക്കുന്നു. അന്ന് അദ്ദേഹം ഡഗ് ഔട്ടിലിരുന്ന് ചിരിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.
പലപ്പോഴും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിൽ വാർത്തകൾ വരാറുണ്ടെങ്കിലും, നിർണ്ണായക ഘട്ടങ്ങളിൽ ഇരുവരും പരസ്പരമുള്ള ബഹുമാനം പ്രകടിപ്പിക്കാറുണ്ട്. 2011 ഏകദിന ലോകകപ്പ് ഫൈനലിലെ ഇവരുടെ കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളിലൊന്നാണ്.
