അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ വിരാട് കോലി- രോഹിത് ശര്‍മ സഖ്യം ഓപ്പണിംഗിനെത്തുമെന്ന് ആരും കരുതിയിരുന്നില്ല. പരിക്ക് മാറി ഇഷാന്‍ കിഷന്‍ ഓപ്പണറാവുമെന്നും അതുമല്ലെങ്കില്‍ കെ എല്‍ രാഹുലിന് മറ്റൊരു അവസരം കൂടി നല്‍കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ എല്ലാവരേയും അമ്പരിപ്പിച്ച് ഇരുവരും ക്രീസിലെത്തി. ആ കൂട്ടുകെട്ട് വിജയകരമാവുകയും ചെയ്തു. ആദ്യ വിക്കില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്.

ഇതോടെ, ഇരുവരും തുടര്‍ന്നും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമന്ന അഭിപ്രായം വന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്റരുമായ മൈക്കല്‍ വോന്‍ ആ അഭിപ്രായക്കാരനാണ്. എതിരാളികളെ ഭയപ്പെടുത്താന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് വോന്‍ പറയുന്നത്. വോനിന്റെ വാക്കുകള്‍... ''ഇനിയുള്ള മത്സരങ്ങളിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ എതിരാളികളെ പേടിപ്പെടുത്താനാകും. ഇരുവരേയും കണ്ടപ്പോള്‍ സച്ചിന്‍- സെവാഗ് സഖ്യം ഓപ്പണ്‍ ചെയ്ത പ്രതീതി ആയിരുന്നു.'' വോന്‍ വ്യക്തമാക്കി. 

മത്സരശേഷം വിരാട് കോലി തന്റെ ഓപ്പണിംഗ് സ്ഥാനത്തെ കുറിച്ച് സംസാരിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു അത്. അടുത്ത ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുമെന്നാണ് കോലി വ്യക്തമാക്കിയത്. അതിലൂടെ ഭാവിയില്‍ ടീം ഇന്ത്യക്ക് വേണ്ടിയും ക്യപ്റ്റനാകുമെന്നാണ് കോലി വ്യക്തമാക്കിയത്. 

കോലിയുടെ വാക്കുകള്‍... ''മുമ്പ് വിവിധ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് ശക്തമായൊരു മധ്യനിരയുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഞാനിഷ്ടപ്പെടുന്നു. ഞാനോ രോഹിത്തോ ഓപ്പണിംഗ് ഇറങ്ങിയിട്ട് ഉറച്ച് നിന്നാല്‍ പിന്നീട് വരുന്ന താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും.'' കോലി പറഞ്ഞു.