23കാരനായ അഭിഷേക് ഈ സീസസണില്‍ കളിച്ച 13 കളികളില്‍ 210ന് അടുത്ത് സ്ട്രൈക്ക് റേറ്റില്‍ 467 റണ്‍സാണ് അടിച്ചെടുത്തത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ വിജയക്കുതിപ്പിന് പിന്നിലെ നിര്‍ണായക താരങ്ങളാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും. ഇരുവരും മത്സരിച്ച് തകര്‍ത്തടിക്കുമ്പോള്‍ ഹൈദരാബാദ് പവര്‍ പ്ലേ പിന്നിടുമ്പോഴേക്കും ഹൈദരാബാദ് സ്കോര്‍ 100 ഉം കടന്ന് കുതിക്കും. ലോകകപ്പ് ഫൈനലിലടക്കം തകര്‍ത്തടിച്ചിട്ടുള്ള ഹെഡില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണെങ്കില്‍ ആരാധകരെ ഞെട്ടിച്ചത് ഹെഡിനൊപ്പമോ ചില സമയങ്ങളില്‍ ഹെഡിനും മുകളിലോ നില്‍ക്കുന്ന അഭിഷേകിന്‍റെ പ്രകടനങ്ങളാണ്.

ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെയും ഹൈദരാബാദിന് വിജയവും ക്വാളിഫയറിലെ സ്ഥാനവും സമ്മാനിച്ചത് അഭിഷേകിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണ്. അര്‍ഷ്ദീപ് സിംഗിന്‍റെ ആദ്യ പന്തില്‍ തന്നെ ഹെഡ് മടങ്ങിയപ്പോഴാണ് പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 28 പന്തില്‍ 66 റണ്‍സടിച്ച അഭിഷേക് റോക്കറ്റുപോലെ കുതിച്ചത്. മത്സരശേഷം അഭിഷേകിനെക്കുറിച്ച് നായകന്‍ പാറ്റ് കമിന്‍സ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഗൗതം ഗംഭീര്‍ കര്‍ക്കശക്കാരനായ പിതാവിനെപ്പോലെ, ഇന്ത്യന്‍ കോച്ചായാല്‍ ശരിയാവില്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ താരം

അഭിഷേകിനെതിരെ പന്തെറിയാന്‍ പേടിക്കണമെന്നായിരുന്നു കമിന്‍സ് പറഞ്ഞത്. അസാമാന്യ താരമാണ് അഭിഷേക്. അവനെതിരെ പന്തെറിയാന്‍ ഞാൻ പോലും തയാറല്ല. അത്രയും സ്വാതന്ത്ര്യത്തോടെ അവനടിച്ചു തകര്‍ക്കുന്ന കാഴ്ച ശരിക്കും പേടിപ്പിക്കുന്നതാണ്.പേസര്‍മാര്‍ക്കെതിരെ മാത്രമല്ല, സ്പിന്നര്‍മാരെയും അവന്‍ വെറുതെ വിടുന്നില്ല-കമിന്‍സ് പറഞ്ഞു.

23കാരനായ അഭിഷേക് ഈ സീസസണില്‍ കളിച്ച 13 കളികളില്‍ 210ന് അടുത്ത് സ്ട്രൈക്ക് റേറ്റില്‍ 467 റണ്‍സാണ് അടിച്ചെടുത്തത്.39 സിക്സറുകളും 35 ഫോറുകളും അടങ്ങുന്നതാണ് അഭിഷേകിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അഭിഷേക് ഇന്നലെ സ്വന്തമാക്കിയിരുന്നു. 38 സിക്സ് നേടിയ വിരാട് കോലിയെ പോലും പിന്നിലാക്കിയാണ് അഭിഷേകിന്‍റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക