രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് കരുത്തിനെ പ്രശംസിച്ച് ഇയാന്‍ ബിഷപ്പ്. ലോകോത്തര ബൗളര്‍മാര്‍ പോലും താരത്തെ പുറത്താക്കാന്‍ പാടുപെടുമ്പോള്‍, വൈഭവിനെ വീഴ്ത്താനുള്ള ഒരു സാധ്യതയും ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് കരുത്തിനെ പ്രശംസിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ്. ജസ്പ്രിത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരുടെ പ്ലാനുകളെല്ലാം വൈഭവിനെതിരെ പരാജയപ്പെടുകയാണെന്ന് ബിഷപ്പ് നിരീക്ഷിച്ചു. സീസണിലെ ഓറഞ്ച് ക്യാപ് റേസിലെ മൂന്നാം സ്ഥാനക്കാരനായ വൈഭവ്, 9 മത്സരങ്ങളില്‍ നിന്ന് 238.09 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സാണ് ഇതുവരെ അടിച്ചുകൂട്ടിയത്.

ലോകത്തെ മികച്ച ബൗളര്‍മാരെ നേരിടാനുള്ള വൈഭവിന്റെ മാനസികമായ കരുത്ത് അപാരമാണെന്ന് ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നറ്റ്സില്‍ ജോഫ്ര ആര്‍ച്ചറെയും മത്സരങ്ങളില്‍ ബുംറയെയും നേരിടുമ്പോള്‍ ഒട്ടും ഭയമില്ലാതെയാണ് താരം ബാറ്റ് ചെയ്യുന്നത്. വൈഭവിന്റേത് ഒരു ബേസ്‌ബോള്‍ സ്‌റ്റൈലിലുള്ള ബാറ്റ് സ്വിംഗാണ്. ഇത് ടി20 ക്രിക്കറ്റില്‍ പ്രധാനമാണ്.'' ബിഷപ്പ് പറഞ്ഞു.

പരിചയസമ്പന്നരായ ബൗളര്‍മാര്‍ പോലും വൈഭവിനെതിരെ പ്ലാന്‍ എ മുതല്‍ പ്ലാന്‍ ജി വരെ പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താന്‍ പാടുപെടുകയാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗ് തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞ് താരത്തെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. വൈഭവിനെ പുറത്താക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് 'ബാക്ക് ഓഫ് ലെങ്ത്' പന്തുകള്‍ താരത്തെ അല്‍പം കുഴപ്പിക്കുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

അണ്ടര്‍-19 ലോകകപ്പിലും അടുത്തിടെ സണ്‍റൈസേഴ്സ് താരം പ്രഫുല്‍ ഹിംഗെയ്ക്കെതിരെയും ഈ പന്തിലാണ് വൈഭവ് പുറത്തായത്. എന്നാല്‍, ഈ പന്ത് കൃത്യതയോടെ എറിഞ്ഞില്ലെങ്കില്‍ അത് സിക്സറായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെയ് ഒന്നിന് ജയ്പൂരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വിരുന്ന് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

YouTube video player