സിഡ്നി: ഏകദിന, ടി20 പരമ്പരകള്‍ കഴിഞ്ഞതോടെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റാണെന്നതിനാല്‍ പേസര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ഇലവനില്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഉണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ മൂന്നാം സീമറായി നവദീപ് സെയ്നിയോ ഉമേഷ് യാദവോ മുഹമ്മദ് സിറാജോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പരിശീലന മത്സരത്തില്‍ ഉമേഷ് ബൗളിംഗില്‍ തിളങ്ങിയിരുന്നു. ഇതിനിടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം സീമര്‍ ആരാവുമെന്ന് പരിശീലകനായ രവി ശാസ്ത്രി സൂചന നല്‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍.

ശാസ്ത്രിക്കൊപ്പം ഞാന്‍ കഴിഞ്ഞ ദിവസം മദ്യപിച്ചിരുന്നു. സംഭാഷണത്തിനിടെ ആദ്യ ടെസ്റ്റില്‍ ഉമേഷ് ആവും മൂന്നാം പേസറായി ടീമിലെത്തുക എന്ന് അദ്ദേഹം സൂചിപ്പിച്ചു. പേസര്‍മാര്‍ക്ക് അനുകൂലമാണ് ഡ‍േ നൈറ്റ് ടെസ്റ്റ് എന്നതിനാല്‍ ഉമേഷിനെ ഉള്‍പ്പെടുത്തുന്നത് ഉചിതമാവും.

ഇന്ത്യക്ക് ബുമ്രയും ഷമിയുമുണ്ട്. ഇരുവരും മികച്ച പേസര്‍മാരാണ്. അതുകൊണ്ടുതന്നെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 റണ്‍സടിച്ചാല്‍ ടെസ്റ്റ് ജയിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചാപ്പല്‍ പറഞ്ഞു.