ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലയളവില്‍ ഇംഗ്ലണ്ട് 21 ടെസ്റ്റുകളാണ് കളിക്കുക. 10 എണ്ണം ഹോം മത്സരങ്ങളും 11 എണ്ണം എവേ മത്സരങ്ങളുമായിരിക്കും. നാട്ടില്‍ ഓസ്ട്രേലിയക്കെതിരായ ആഷസിന് പുറമെ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുള്‍ക്കെതിരെ പരമ്പര കളിക്കും.

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മൂന്നാം പതിപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. മറ്റന്നാള്‍ തുടങ്ങുന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം പതിപ്പിന് തുടക്കമാകുക. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ എത്തിയ ഇന്ത്യക്ക് ഇത്തവണ പക്ഷെ കാര്യങ്ങള്‍ കുറച്ചു കൂടി കടുപ്പമാണെന്ന് മത്സരക്രമം നോക്കിയാല്‍ മനസിലാവും.

നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ എതിരാളികളുടെ ഗ്രൗണ്ടില്‍ ഒമ്പത് മത്സരം കളിക്കുമ്പോള്‍ നാട്ടില്‍ 10 മത്സരം കളിക്കും. ഇതില്‍ ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര, പാകിസ്ഥാനെതിരെ മൂന്ന്, വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് എന്നിവയാണ് ഓസീസിന്‍റെ ഹോം സീരീസുകള്‍. എവേ പരമ്പരകള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസിന് പുറമെ ന്യൂസിലന്‍ഡിലും ശ്രീലങ്കയ്ക്കുമെതിരെയാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലയളവില്‍ ഇംഗ്ലണ്ട് 21 ടെസ്റ്റുകളാണ് കളിക്കുക. 10 എണ്ണം ഹോം മത്സരങ്ങളും 11 എണ്ണം എവേ മത്സരങ്ങളുമായിരിക്കും. നാട്ടില്‍ ഓസ്ട്രേലിയക്കെതിരായ ആഷസിന് പുറമെ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുള്‍ക്കെതിരെയും പരമ്പരകള്‍ കളിക്കും. ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ എവേ പരമ്പരയിലും പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ എവേ പരമ്പരകളിലും ഇംഗ്ലണ്ട് കളിക്കും.

ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം സീനിയര്‍ താരങ്ങളാണ്, തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍

അടുത്ത മാസം നടക്കുന്ന വിന്‍ഡീസ് പര്യടനത്തോടെയാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുട മത്സരങ്ങള്‍ തുടങ്ങുക.നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റും, ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റും ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും കളിക്കുന്ന ഇന്ത്യ എവേ പരമ്പരകളില്‍ ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റും ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റും കളിക്കും. നാട്ടില്‍ 10ഉം വിദേശത്ത് ഒമ്പതും ഉള്‍പ്പെടെ 19 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പ് കാലയളവില്‍ ഇന്ത്യ കളിക്കുക.

ദക്ഷിണാഫ്രിക്കക്കാണ് ഇത്തവണ ഏറ്റവും അനുകൂലമായ മത്സരക്രമം ഉള്ളത്. നാട്ടില്‍ ഇന്ത്യ പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ടെസ്റ്റ് കളിക്കുന്ന ദക്ഷിണാഫ്രിക്കക്ക് ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനും എതിരെയാണ് എവേ പരമ്പരകള്‍. രണ്ട് വര്‍ഷ കാലയളവില്‍ മൂന്ന് ഹോം പരമ്പരകളും മൂന്ന് എവേ പരമ്പരകളുമാണ് ടീമുകള്‍ കളിക്കേണ്ടത്. ഒരു മത്സരം ജയിക്കുന്ന ടീമിന് 12 പോയന്‍റും ടൈ അവുന്ന മത്സരത്തിന് ആറ് പോയന്‍റും സമനിലക്ക് നാലു പോയന്‍റുമാണ് ലഭിക്കുക