ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അവസാനം കളിച്ച രണ്ട് പരമ്പരകളിലെ മോശം പ്രകടനമാണ് ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന സ്വപ്നം ഇല്ലാതാക്കിയത്.
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ജൂണ്‍ 11 മുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോരാട്ടം തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വിജയികളാകുന്ന ടീമിന് 30.78 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.
രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 18.46 കോടി രൂപയായിരിക്കും സമ്മാനത്തുകയായി ലഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 12.31 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. നാലാം സ്ഥാനത്തെത്തിയ ന്യൂസിലന്‍ഡിന് 10.26 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും.
അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ടിന് 8.2 കോടി രൂപ സമ്മാനത്തുകയായി ലഭിക്കുമ്പോള്‍ ആറാമതെത്തിയ ശ്രീലങ്കക്ക് 7.18 കോടിയും ഏഴാം സ്ഥാനത്തെത്തിയ ബംഗ്ലാദേശിന് 6.15 കോടിയും എട്ടാമത് എത്തിയ വെസ്റ്റ് ഇന്‍ഡീസിന് 5.13 കോടിയും ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത പാകിസ്ഥാന് 4.10 കോടി രൂപയുമാണ് സമ്മാനത്തുകയായി ഐസിസി നല്‍കുക.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അവസാനം കളിച്ച രണ്ട് പരമ്പരകളിലെ മോശം പ്രകടനമാണ് ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന സ്വപ്നം ഇല്ലാതാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാമതായിരുന്ന ഇന്ത്യ കഴിഞ്ഞ വര്‍ഷം ഒക്ടോബർ-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്ന പരമ്പരയില്‍ ന്യൂസിലന്‍ഡിനോട് 0-3ന്‍റെ അവിശ്വസനീയ തോല്‍വി വഴങ്ങി. പിന്നാലെ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കൂടി തോറ്റ് പരമ്പര 1-3ന് കൈവിട്ടതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. അടുത്തമാസം 20 മുതല്‍ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തോടെയാണ് അടുത്ത (2025-27) ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്.


