ലണ്ടന്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയശേഷം ഐസിസിയിട്ട ട്വീറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാഡ്, ഓസീസ് വനിതാ താരം കാതറീന്‍ ഫിറ്റ്സ്‌പാട്രിക്ക് എന്നിവര്‍ക്കൊപ്പമാണ് സച്ചിനെയും ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്. ഇതിനുശേഷം മൂവരെയും അഭിനന്ദിച്ച് ട്വീറ്റിട്ടപ്പോഴാണ് ഐസിസി സച്ചിന്‍ എക്കാലത്തെയും മഹാനായ കളിക്കാരനാണോ എന്ന ചോദ്യം ഐസിസി ചോദിച്ചത്.

 സ്വാഭാവികമായും സച്ചിന്‍ ആരാധകര്‍ മറുപടിയുമായി രംഗത്തെത്തി. എന്നാല്‍ ചിലര്‍ ഐസിസിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ ചോദിക്കാവുന്നതാണോ ഈ ചോദ്യമെന്ന് ചിലര്‍ ചോദിച്ചു. ഐസിസി നിബന്ധന അനുസരിച്ച് അഞ്ച് വര്‍ഷം മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെയാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക.

2013 നവംബറിലാണ് സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18,426 റണ്‍സും നേടിയിട്ടുള്ള സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഒരേയൊരു ബാറ്റ്സ്മാന്‍ കൂടിയാണ്. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം ലഭിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍.