ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം ആരംഭിക്കുന്നത് ഉച്ചയ്ക്ക് രണ്ടര മുതല്‍, വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് എങ്ങനെ മത്സരം തത്സമയം കാണാം എന്ന് വിശദമായി നോക്കാം

ദുബായ്: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു, ഇന്ത്യന്‍ ആരാധകരും റെഡി... ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2025ലെ ഏറ്റവും വാശിയേറിയ ഗ്രൂപ്പ് പോരാട്ടത്തിന് ടോസ് വീഴാന്‍ മണിക്കൂറുകളുടെ അകലം മാത്രം. ജയം മാത്രം മനസില്‍ കണ്ട് ഇന്ത്യ, പാക് ടീമുകള്‍ കളത്തിലെത്തുന്ന സൂപ്പര്‍ പോരാട്ടം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് എങ്ങനെ തത്സമയം കാണാമെന്ന് നോക്കാം. 

ഇന്ത്യയില്‍ ജിയോ സ്റ്റാറിനാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ബ്രോഡ്‌കാസ്റ്റ് ലൈന്‍സന്‍സ് ലഭിച്ചിരിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ടെലിവിഷനിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ മത്സരം തത്സമയം എത്തിക്കുക. ഹോട്ട്‌സ്റ്റാര്‍ ഡോട് കോം വെബ്‌സൈറ്റും ജിയോഹോട്ട്‌സ്റ്റാര്‍ ആപ്പും വഴി മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് ആരാധകര്‍ക്ക് ആസ്വദിക്കാം. യുകെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്കൈ സ്പോര്‍ട്‌സും അമേരിക്കയിലും കാനഡയിലും വില്ലോയും ഓസ്ട്രേലിയയില്‍ ആമസോണും ന്യൂസിലന്‍ഡില്‍ സ്കൈ ടിവി ന്യൂസിലന്‍ഡുമാണ് ഇന്ത്യ-പാക് മത്സരത്തിന്‍റെ സംപ്രേഷകര്‍. ഐസിസി ടിവി വഴിയും ലൈവ് സ്ട്രീമിംഗുണ്ടാകും. ലൈവ് സ്ട്രീമിംഗിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടത്തിന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാവുക. രണ്ട് മണിക്ക് ആവേശ ടോസ് വീഴും. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാനെ മുഹമ്മദ് റിസ്‌വാനും നയിക്കും. ദുബായില്‍ തെളിഞ്ഞ കാലാവസ്ഥയിലാവും മത്സരം നടക്കുക. പാകിസ്ഥാനെതിരെ അവസാനം കളിച്ച പതിനൊന്ന് ഏകദിനത്തിൽ ഒൻപതിലും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിലെ നേർക്കുനേർ കണക്കിൽ നേരിയ മുൻതൂക്കം പാകിസ്ഥാനുണ്ട്. അഞ്ച് കളിയിൽ 2017ലെ ഫൈനൽ ഉൾപ്പടെ പാകിസ്ഥാന്‍ മൂന്ന് വട്ടം ജയം സ്വന്തമാക്കി. 

Read more: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഇന്ത്യ-പാക് ത്രില്ലര്‍ ഉച്ചയ്ക്ക്, കണ്ണുകള്‍ കിംഗ് കോലിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം