92 പന്തില്‍ അഞ്ചാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സടിച്ച് പുറത്തായി.

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് 363 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചു. രചിന്‍ രവീന്ദ്ര 108 റണ്‍സടിച്ചപ്പോള്‍ വില്യംസണ്‍ 102 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാരില്‍ മിച്ചലും(49) ഗ്ലെന്‍ ഫിലിപ്സും(49*) ചേര്‍ന്നാണ് കിവീസിനെ 350 കടത്തിയത്. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എൻഗിഡിയും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തണമെങ്കില്‍ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മറികടക്കേണ്ടത്.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരായ വില്‍ യങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 23 പന്തില്‍ 21 റണ്‍സെടുത്ത യംഗിനെ എന്‍ഗിഡി എട്ടാം ഓവറില്‍ മടക്കുമ്പോള്‍ കിവീസ് 48 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്യംസണും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്കോറിനുള്ള അടിത്തറയിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 203 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 92 പന്തില്‍ അഞ്ചാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ രചിന്‍ രവീന്ദ്ര 101 പന്തില്‍ 108 റണ്‍സടിച്ച് പുറത്തായി. റബാഡയാണ് രചിനെ പുറത്താക്കി ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 13 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി.

പാണ്ഡ്യയുടെ പടുകൂറ്റന്‍ സിക്സ് വീണത് ജയ് ഷായുടെ തൊട്ടടുത്ത്, പന്തെടുത്ത് തിരികെ നല്‍കി ഐസിസി ചെയർമാന്‍

രചിന്‍ രവീന്ദ്രക്ക് പിന്നാലെ സെഞ്ചുറി 90 പന്തില്‍ പതിനഞ്ചാം ഏകദിന സെഞ്ചുറി തികച്ച വില്യംസണ്‍ 94 പന്തില്‍ 102 റണ്‍സെടുത്ത് പുറത്തായി. 10 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് വില്യംസണിന്‍റെ ഇന്നിംഗ്സ്. ഇരുവരും പുറത്തായെങ്കിലും പിന്നീടെത്തിയ ഡാരില്‍ മിച്ചലും(37 പന്തില്‍ 49) ഗ്ലെന്‍ ഫിലിപ്സും(27 പന്തില്‍ 49*) തകര്‍ത്തടിച്ചതോടെ കിവീസ് 362 റണ്‍സിലെത്തി. അവസാന അഞ്ചോവറില്‍ 66 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കായി എന്‍ഗിഡി 72 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കാഗിസോ റബാഡ 70 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക