ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ നെതര്‍ലന്‍ഡ് ബൗളര്‍മാര്‍ നിര്‍ത്തിവിറപ്പിക്കുന്നതാണ് കണ്ടത്

ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: ട്വിസ്റ്റോട് ട്വിസ്റ്റുകള്‍ കണ്ട ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സൂപ്പര്‍ സിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്കയ്‌ക്ക് 21 റണ്‍സിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്‌ത് 47.4 ഓവറില്‍ 213 റണ്‍സില്‍ പുറത്തായിട്ടും മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സിനെ 40 ഓവറില്‍ 192 റണ്‍സില്‍ പുറത്താക്കി ലങ്ക ലോകകപ്പ് പ്രവേശന പ്രതീക്ഷ കാക്കുകയായിരുന്നു. 93 റണ്‍സുമായി ധനഞ്ജയ ഡി സില്‍വയും മൂന്ന് വിക്കറ്റും 28 റണ്‍സുമായി മഹീഷ് തീക്ഷനയും രണ്ട് വിക്കറ്റും 20 റണ്‍സുമായി വനിന്ദു ഹസരങ്കയും ലങ്കയ്‌ക്കായി തിളങ്ങി. നെതര്‍ലന്‍ഡ്‌സിനായി പുറത്താവാതെ 67* റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്കോട്ട് എഡ്‌വേഡ്‌സിന്‍റെ പോരാട്ടം പാഴായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയെ നെതര്‍ലന്‍ഡ് ബൗളര്‍മാര്‍ നിര്‍ത്തിവിറപ്പിക്കുന്നതാണ് കണ്ടത്. ലങ്ക 47.4 ഓവറില്‍ വെറും 213 റണ്‍സില്‍ ഓള്‍ഔട്ടായി. മൂന്ന് വീതം വിക്കറ്റുമായി ലോഗന്‍ വാന്‍ ബീക്കും ബാസ് ഡ‍ി ലീഡ‍ും രണ്ട് പേരെ പുറത്താക്കി സഖ്വിബ് സുല്‍ഫിക്കറും ഓരോരുത്തരെ മടക്കി ആര്യന്‍ ദത്തും റിയാന്‍ ക്ലൈനുമാണ് ലങ്കയെ വിറപ്പിച്ചത്. ഇതില്‍ വാന്‍ ബീക്കിന്‍റെ മൂന്ന് വിക്കറ്റ് 9 ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു. 67-5 എന്ന നിലയില്‍ നിന്നാണ് ലങ്ക 213ലേക്ക് കരകയറി എത്തിയത്. 

വലിയ തകര്‍ച്ചയ്‌ക്കിടെ 111 പന്തില്‍ 93 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വയാണ് ലങ്കയെ 200 കടത്തിയത്. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പാതും നിസങ്കയെ വാന്‍ ബീക്ക് ഗോള്‍ഡ‍ന്‍ ഡക്കാക്കിയപ്പോള്‍ പിന്നീട് വന്നവര്‍ക്കും ബാറ്റ് പിഴച്ചു. കുശാല്‍ മെന്‍ഡിസ് 10 ഉം, സദീര സമരവിക്രമ 1 ഉം ചരിത് അസലങ്ക 2 ഉം ദിമുത് കരുണരത്‌നെ 33 ഉം റണ്‍സെടുത്ത് പുറത്താകുമ്പോള്‍ ലങ്കയ്‌ക്ക് 17.5 ഓവറില്‍ 67 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. 67-5 എന്ന നിലയില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ നില്‍ക്കാതെ ക്യാപ്റ്റന്‍ ദാസുന്‍ ശനകയും(5) കൂടാരം കയറി. പിന്നീട് ഡിസില്‍വയുടെ പ്രതിരോധത്തിനൊപ്പം വനിന്ദു ഹസരങ്കയുടെ 20 ഉം, മഹീഷ് തീക്ഷനയുടെ 28 ഉം റണ്‍സ് ലങ്കയുടെ മാനം കാത്തപ്പോള്‍ ഒരു റണ്ണുമായി ദില്‍ഷന്‍ മധുശനക പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സിന്‍റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു ഓപ്പണര്‍മാരായ വിക്രംജീത്ത് സിംഗും മാക്‌സ് ഒഡൗഡും പൂജ്യത്തില്‍ മടങ്ങി. ഒഡൗഡ് മധുശനകയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. ഇതിന് ശേഷം മൂന്നാം വിക്കറ്റില്‍ വെസ്‌ലി ബരെസിയും ബാസ് ഡി ലീഡും ടീമിനെ കരകയറ്റിയെങ്കിലും ബരെസി 52 എടുത്ത് നില്‍ക്കേ റണ്ണൗട്ടായി. ഡി ലീഡ് 41 റണ്ണിലും മടങ്ങിയതിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. ഫോമിലുണ്ടായിരുന്ന ബാറ്റര്‍ തേജ നിഡമനുരു പൂജ്യത്തിലും സഖ്വിബ് സുല്‍ഫിക്കര്‍ 2 റണ്ണിലും ലോഗന്‍ വാന്‍ ബീക്ക് പൂജ്യത്തിലും ഷാരിഖ് അഹമ്മദ് 2ലും റിയാന്‍ ക്ലൈന്‍ 5ലും ആര്യന്‍ ദത്ത് 7ലും മടങ്ങിയപ്പോള്‍ 68 പന്തില്‍ പുറത്താവാതെ 67* റണ്‍സ് നേടിയ നായകന്‍ സ്കോട്ട് എഡ്‌വേഡ്‌സിന്‍റെ പോരാട്ടം പാഴായി. തീക്ഷന മൂന്നും ഹസരങ്ക രണ്ടും കുമാരയും മധുശനകയും ശനകയും ഓരോ വിക്കറ്റും സ്വന്തമാക്കി. 

Read more: ബൈജൂസ് പോയി ഡ്രീം ഇലവന്‍ വരുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജേഴ്‌സി സ്പോണ്‍സര്‍മാരായി എന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News