ദുബായ്: ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഓഗസ്റ്റില്‍ മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ സെപ്റ്റംബര്‍ 30വരെ അതിര്‍ത്തികളെല്ലാം അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് നീട്ടിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴെ തീരുമാനം പ്രഖ്യാപിക്കാനില്ലെന്ന നിലപാടിലാണ് ഐസിസി.

സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഓഗസ്റ്റില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഐസിസി പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മോശമാണ്. എന്നാല്‍ ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടുകൂടാ എന്നില്ല. അങ്ങനെവന്നാല്‍, ഇപ്പോഴെ ടൂര്‍ണമെന്റ് മാറ്റിവെക്കുന്നതായി പ്രഖ്യാപിക്കുന്നത് വലിയ തിരിച്ചടിയാവും. അതിനാല്‍ ഓഗസ്റ്റ് അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാമെന്നാണ് ഐസിസി കരതുന്നതെന്നം പ്രതിനിധി വ്യക്തമാക്കി.

നിലവിലെ സാഹചര്യമനുസരിച്ച് ലോകകപ്പ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ലോകകപ്പ്. ടൂര്‍ണമെന്റ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ മറ്റൊരു വെല്ലുവിളി കൂടി ഐസിസിക്ക് മുന്നിലുണ്ട്. 2021ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഒരു വര്‍ഷം രണ്ട് ലോകകപ്പ് നടത്തേണ്ട അവസ്ഥ വരും. അതിനാല്‍ ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്. നടത്താനാവാത്ത സാഹചര്യം വന്നാല്‍ ഓസ്ട്രേലിയക്ക് അനുവദിച്ച ടി20 ലോകകപ്പ് തന്നെ ഒരുപക്ഷെ നഷ്ടമായേക്കാം. നിലവില്‍ ഓസ്ട്രേലിയയില്‍ 6606 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.