തിരുവനന്തപുരം: പുസ്തക പ്രേമികള്‍ക്കായുള്ള ദിനമാണിന്ന്. ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ വില്യം ഷേക്സ്‌പിയര്‍ ജനിച്ചതും മരിച്ചതും. വിശ്വ സാഹിത്യത്തിലെ അതികായരായ മിഗ്വേല്‍ ഡേ സര്‍വെന്‍ടീസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനവും ഏപ്രില്‍ 23നാണ്. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ യുനെസ്‌കോ 1995 ലെ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. ഈ പുസ്തകദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ട കായികതാാരങ്ങള്‍ വായിക്കുന്ന പുസ്തകങ്ങള്‍ ഏതൊക്കെയാവും. രാഹുല്‍ ദ്രാവിഡ് മുതല്‍ ഹീന സിദ്ദു വരെയുള്ളവര്‍ തങ്ങളിപ്പോള്‍ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് സ്പോര്‍ട്സ് സ്റ്റാറിനോട് മനസ് തുറന്നു.

രാഹുല്‍ ദ്രാവിഡ്(മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം): യാത്രകളില്‍ എനിക്ക് വായന വളരെ പ്രിയപ്പെട്ടതാണ്. ആത്മകഥകളാണ് എനിക്കേറെ ഇഷ്ടം. ഇപ്പോള്‍ ഞാന്‍ വായിക്കുന്ന പുസ്തകം ഡേവിഡ് എപ്സ്റ്റീന്റെ റേഞ്ച് ആണ്. സ്പെഷലിസ്റ്റുകളുടെ കാലത്ത് എങ്ങനെ ജനറലിസ്റ്റുകള്‍ തിളങ്ങുന്നുവെന്നാണ് പുസ്തകം പറയുന്നത്. എനിക്ക് വളരെ താല്‍പര്യമുള്ള വിഷയമാണത്-ദ്രാവിഡ് പറഞ്ഞു.

വിവിഎസ് ലക്ഷ്ണണ്‍(മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം): മാല്‍ക്കം ഗ്ലാഡ്‌വെല്ലിന്റെ ബ്ലിങ്ക് ഇപ്പോള്‍ വായിച്ചു തീര്‍ത്തതേയുള്ളൂ ഞാന്‍. ദ് ടിപ്പിംഗ് പോയന്റ് എന്ന പുസ്തകവും അദ്ദേഹമെഴുതിയതാണ്. ജോണ്‍ വുഡന്റെ ദേ കോള്‍ഡ് മി കോച്ച് എന്ന പുസ്തകമാണ് ഇപ്പോള്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. ഒരു പരിശീലകന്റെ മനോഭാവത്തെക്കുറിച്ച് ഒരുപാട് ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഈ പുസ്തകം. കായികതാരങ്ങള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആസ്വദിച്ച് വായിക്കാവുന്ന പുസ്തകമാണിത്.  എങ്ങനെയാണ് ഒരു പരിശീലകന്‍ തന്റെ ട്രെയിനികളോട് ഇടപെടുന്നതെന്നും കുടുംബാംഗത്തെപ്പോലെ കരുതുന്നതെന്നുമെല്ലാം പുസ്തകത്തില്‍ പറയുന്നു.

സഞ്ജയ് മ‍ഞ്ജരേക്കര്‍(മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം): സ്റ്റീഫന്‍ ഹോക്കിംഗിന്റെ ബ്രീഫ് ആന്‍സേഴ്സ് ടു ദ് ബിഗ് ക്വസ്റ്റ്യന്‍സ് എന്ന പുസ്തകമാണ് ഇപ്പോള്‍ വായിച്ചു തീര്‍ത്തത്. വലിയ വായനാനുഭവം സമ്മാനിച്ച പുസ്തകം എന്റെ വിശ്വാസങ്ങളെ ബലപ്പെടുത്തുന്നത് കൂടിയായിരുന്നു.

സഞ്ജയ് ബംഗാര്‍(മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം): വായന ഏറെ ഇഷ്ടമാണെങ്കിലും ജോലിത്തിരക്ക് കാരണം ഇത്രയും കാലം ഒരുപാട് പുസ്തകങ്ങളൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴാകട്ടെ കുട്ടികളുടെ പാഠപുസ്തകങ്ങളാണ് കൂടുതലും വായിക്കുന്നത്. അവസാനം വായിച്ച പുസ്തകം ശിവാജി സാവന്ത് എഴുതിയ മൃത്യുഞ്ജയ ആണ്. കര്‍ണ്ണന്റെ കാഴ്ചപ്പാടിലുള്ള മഹാഭാരത കഥയാണ് ഇതിന്റെ ഇതിവൃത്തം.

ഒരുപാട് നാള്‍ വായിക്കണം എന്ന് വിചാരിച്ച് കഴിയാതെ പോയ പുസ്തകമാണിത്. എന്നാല്‍ കാത്തിരിപ്പ് വെറുതെയായില്ല, മികച്ച വായനാനുഭവം സമ്മാനിച്ച പുസ്തകമാണിത്. ചരിത്രകഥകളും ആത്മകഥകളും വായിക്കാന്‍ ചെറുപ്പംമുതലെ എനിക്കിഷ്ടമാണ്. രഞ്ജിതേ ദേശായി എഴുതിയ ഛത്രപതി സാംബാജി(ഛത്രപതി ശിവജിയുടെമകന്‍)യുടെ ആത്മകഥയാണ് ഏറ്റവും ഇഷ്ടമുള്ള മറ്റൊരു പുസ്തകം.

ഡബ്ലിയു വി രാമന്‍(മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുസ്തകങ്ങള്‍ കൈയിലെടുത്ത് വായിക്കുന്നില്ല ഞാന്‍. പകരം ഓണ്‍ലൈനിലൂടെയുള്ള വായനയാണ് പരീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്ന് പുസ്തകങ്ങള്‍ ഒരേസമയം വായിച്ചുകൊണ്ടിരിക്കുന്നു. ടിം ഫെരിസ്സിന്റെ ദ് ഫോര്‍ ഹവര്‍ വര്‍ക്ക് വീക്ക്,  എഡ് റഷിന്റെ ദ് 21 ഡേ മിറക്കിള്‍, ക്രിസ് ഗല്ലിബ്യൂവിന്റെ 100 സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണത്.

മിതാലി രാജ്(ഇന്ത്യന്‍ ക്രിക്കറ്റ് താരം): സത്യജിത് റേയുടെ ദ് കംപ്ലീറ്റ് അഡ്വഞ്ജര്‍ ഓഫ് ഫെലൂദ ഇപ്പോള്‍ വായിച്ചു തീര്‍ത്തതേയുള്ളു ഞാന്‍. വില്യം ഡ‍ാരിംപിളിന്റെ വൈറ്റ് മുഗള്‍സാണ് ഞാനിപ്പോള്‍ വായിക്കുന്നത്. ഹൈദരാബാദിനെക്കുറിച്ച് എനിക്ക് ഒരുപാട് ആശ്ചര്യപ്പെടുത്തുന്ന വസ്തുതകള്‍ സമ്മാനിച്ച പുസ്തകമാണിത്. ഗോല്‍ക്കൊണ്ട ഖനികള്‍ എങ്ങനെയാണ് ലോകത്തിന്റെ ഒരേയൊരു വജ്ര വിതരണക്കാരായതെന്ന് പുസ്തകം പറയുന്നു.

ലിയാണ്ടര്‍ പേസ്(ഇന്ത്യന്‍ ടെന്നീസ് താരം): മുഹമ്മദ് അലിയുടെ ആത്മകഥയാണ് ഞാനിപ്പോള്‍ വായിക്കുന്നത്. എന്റെ എക്കാലത്തെയും ഇഷ്ടതാരങ്ങളിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മകഥ വായിക്കുന്നത് തന്നെ പ്രത്യേക അനുഭമാണ്. എന്റെ എക്കാലത്തെയും ഇഷ്ട പുസ്തകം തോമസ് ഹോസെര്‍ എഴുതിയ മുഹമ്മദ് അലി, ഹിസ് ലൈഫ് ആന്‍ഡ് ടൈംസ് തന്നെയാണ്. മികച്ച വായനാനുഭവം സമ്മാനിക്കുന്നതിനൊപ്പം പ്രചോദനാത്മകവുമാണിത്.

ഹീന സിദ്ദു(ഒളിംപിക് ഷൂട്ടിംഗ് താരം): റോബിന്‍ ശര്‍മയുടെ ദ് 5 എഎം ക്ലബ്ബ് ആണ് ഞാനിപ്പോള്‍ വായിക്കുന്നത്. ചാള്‍സ് ഡുഹിഗ്സിന്റെ ദ് പവര്‍ ഓഫ് ഹാബിറ്റ് ആണ് എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു പുസ്തകം.