ഇന്ത്യ- പാക് മത്സരത്തിന് പുറമെ കൂടുതല്‍ കളികള്‍ മാറ്റേണ്ട സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ ഐസിസിയും ബിസിസിഐയും നീങ്ങുന്നത്

ദില്ലി: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 15ലെ ഇന്ത്യ- പാകിസ്ഥാന്‍ അങ്കം മാത്രമല്ല, കൂടുതല്‍ മത്സരങ്ങളുടെ തിയതികളും സമയവും മാറാന്‍ സാധ്യത. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തടുത്ത് മത്സരങ്ങള്‍ വരുന്നതിനാല്‍ കളികള്‍ തമ്മില്‍ ഇടവേള കൂടുതല്‍ വേണമെന്ന് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ ആവശ്യപ്പെട്ടതാണ് ഇതിന് കാരണം. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമത്തില്‍ ഇതോടെ അടിമുടി മാറ്റങ്ങള്‍ വന്നേക്കും. 

അഹമ്മദാബാദില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്ന അതേ ദിവസം നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് എന്നതിനാല്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതോടെയാണ് അയല്‍ക്കാരുടെ അങ്കം മാറ്റുന്ന കാര്യം പരിഗണനയ്‌ക്ക് വന്നത്. എന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ മാറ്റേണ്ട സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ ഐസിസിയും ബിസിസിഐയും നീങ്ങുന്നത് എന്നാണ് ജയ് ഷാ നല്‍കുന്ന സൂചന. 'രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള കുറവായതിനാല്‍ ഷെഡ്യൂള്‍ മാറ്റണം എന്ന് ചില അംഗ രാഷ്‌ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരങ്ങളുടെ തിയതിയും സമയവും മാറ്റാനാണ് പരിശ്രമിക്കുന്നത്. എന്നാല്‍ വേദികള്‍ മാറ്റമുണ്ടാകില്ല. എന്തായാലും ഇക്കാര്യങ്ങളില്‍ രണ്ടുമൂന്ന് ദിവസം കൊണ്ട് തീരുമാനമാകും' എന്നും ജയ് ഷാ വ്യക്തമാക്കി. മത്സരക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട ബോര്‍ഡുകളില്‍ പിസിബി ഉണ്ടോയെന്ന് വ്യക്തമല്ല. 

ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയും ഹൈദരാബാദും പരിശീലന മത്സരങ്ങള്‍ക്ക് വേദിയാവും.

Read more: ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് സൂപ്പര്‍ പോരിന്‍റെ തിയതി മാറ്റാന്‍ സാധ്യത, ആരാധകര്‍ വലയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം