ഒക്ടോബര്‍ 15ലെ ഇന്ത്യ-പാക് അങ്കം കാണാന്‍ ഇതിനകം പല ആരാധകരും വിമാന ടിക്കറ്റുകളും ഹോട്ടല്‍ റൂമുകളും ബുക്ക് ചെയ്‌തിരുന്നു

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശ പോരാട്ടത്തിന്‍റെ തിയതി മാറ്റിയേക്കും എന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് മത്സരം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് ഇത് എന്നതിനാല്‍ നഗരത്തിലെ തിരക്കും വിമാനസൗകര്യങ്ങളും ഹോട്ടല്‍ റൂമുകളുടെ ലഭ്യതയും സുരക്ഷയും പരിഗണിച്ച് മത്സരത്തിന്‍റെ തിയതി മാറ്റാന്‍ സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് നിര്‍ദേശിച്ചതായാണ് ദി ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നവരാത്രി വലിയ ആഘോഷമാണ്. 

ഒക്ടോബര്‍ 15ലെ ഇന്ത്യ-പാക് അങ്കം കാണാന്‍ ഇതിനകം പല ആരാധകരും വിമാന ടിക്കറ്റുകളും ഹോട്ടല്‍ റൂമുകളും ബുക്ക് ചെയ്‌തിരുന്നു. മത്സരത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഏതാണ്ടെല്ലാം ഹോട്ടലുകളും ബുക്കിംഗായി. മൂന്നിരട്ടിയോളം ഹോട്ടല്‍ നിരക്ക് ഉയരുകയും ചെയ്തു. വിമാന ടിക്കറ്റുകളുടെ നിരക്കിലും വലിയ വര്‍ധനവുണ്ടായി. ഹോട്ടല്‍ റൂമുകള്‍ ലഭിക്കാത്തതിനാല്‍ അഹമ്മദാബാദില്‍ തങ്ങാന്‍ ആശുപത്രികള്‍ വരെ ബുക്ക് ചെയ്യേണ്ടിവരുന്ന അവസ്ഥയിലാണ് നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അവസാന നിമിഷം ബിസിസിഐ വേദി മാറ്റിയാല്‍ ആരാധകര്‍ യാത്രാ സൗകര്യങ്ങളും താമസസൗകര്യവും ഒരുക്കുന്നതിനായി വീണ്ടും നെട്ടോട്ടമോടേണ്ടിവരും. 

'മത്സരത്തിനായി മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുന്നുണ്ട്. തീരുമാനം ഉടനെയുണ്ടാകും. നവരാത്രി വരുന്നതിനാല്‍ ഇന്ത്യ-പാക് മത്സരം കാണാനെത്തുന്ന ആരാധകരെ നിയന്ത്രിക്കുക പ്രയാസമായിരിക്കും എന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്' എന്നും പേര് വെളിപ്പടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് ഇരിപ്പിടമുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും ആരാധകരുടെ ഒഴുക്കുണ്ടാകും എന്നുറപ്പാണ്. ഏകദിന ലോകകപ്പിന്‍റെ മത്സരക്രം പ്രഖ്യാപിച്ചപ്പോള്‍ നാല് മത്സരങ്ങളാണ് അഹമ്മദാബാദിന് അനുവദിച്ചത്. ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ഉദ്ഘാടന മത്സരം, ഇന്ത്യ-പാകിസ്ഥാന്‍ മത്സരം, ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം, ഫൈനല്‍ എന്നിവയാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കുക. 

Read more: പാക് ക്രിക്കറ്റില്‍ സര്‍പ്രൈസ് നീക്കം; മിസ്ബ ഉള്‍ ഹഖിന് പ്രത്യേക ചുമതല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം