മൊഹാലി ടെസ്റ്റില്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കുകയായിരുന്നു രവീന്ദ്ര ജഡേജ
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ (ICC Men's Test Player Ranking) ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ (Team India) രവീന്ദ്ര ജഡേജ (Ravindra Jadeja). ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിലെ ഐതിഹാസിക പ്രകടനത്തോടൊണ് രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ജഡ്ഡു തലപ്പത്തെത്തിയത്. അതേസമയം വിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറും (Jason Holder) ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും (Ravichandran Ashwin) ഓരോ സ്ഥാനങ്ങള്‍ താഴേക്കിറങ്ങി രണ്ടും മൂന്നുമായി നില്‍ക്കുന്നു. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍റെ നാലാം സ്ഥാനത്തിന് മാറ്റമില്ല.
മൊഹാലി ടെസ്റ്റില്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കുകയായിരുന്നു രവീന്ദ്ര ജഡേജ. 228 പന്തില്‍ പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത ജഡേജയായിരുന്നു മത്സരത്തിലെ താരം. രണ്ട് ഇന്നിംഗ്‌സിലുമായി 87 റണ്‍സിനാണ് ജഡേജയുടെ ഒന്‍പത് വിക്കറ്റ് പ്രകടനം. മത്സരത്തില്‍ മികച്ച പ്രകടനം അശ്വിനും പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 82 പന്തില്‍ 61 റണ്‍സെടുത്ത അശ്വിന്‍ രണ്ടിന്നിംഗ്‌സിലുമായി ആറ് വിക്കറ്റ് നേടി. ജഡേജയും അശ്വിനും തിളങ്ങിയ മത്സരം ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിച്ചിരുന്നു.
മെഹാലിയില്‍ വേഗത്തില്‍ 96 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലെത്തിയതും ശ്രദ്ധേയമാണ്. രണ്ട് സ്ഥാനങ്ങളുയര്‍ന്ന് വിരാട് കോലി ആദ്യ അഞ്ചില്‍ മടങ്ങിയെത്തി. അതേസമയം ഓസീസിന്‍റെ മാര്‍നസ് ലബുഷെയ്‌ന്‍ ഒന്നാമത് തുടരുന്നു. ജോ റൂട്ട്, സ്റ്റീവ് സ്‌മിത്ത്, കെയ്‌ന്‍ വില്യംസണ്‍ എന്നിവരുടെ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ക്കും മാറ്റമില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആറാമതാണെങ്കില്‍ ട്രാവിസ് ഹെഡ്(7), ദിമുത് കരുണരത്‌നെ(8), ബാബര്‍ അസം(9) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബാറ്റര്‍മാര്‍.
ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്‌നറും ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡും എട്ടും ഒന്‍പതും സ്ഥാനങ്ങള്‍ വച്ചുമാറി എന്നതാണ് ആദ്യപത്തിലെ ഏക മാറ്റം. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പാകിസ്ഥാന്‍ ഷഹീന്‍ അഫ്രീദി, കിവീസ് താരങ്ങളായ കെയ്‌ല്‍ ജമൈസണ്‍, ടി സൗത്തി, ഇംഗ്ലണ്ടിന്‍റെ ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കും മാറ്റമില്ല. ജസ്‌പ്രീത് ബുമ്ര 10-ാം സ്ഥാനത്ത് നില്‍ക്കുന്നു.
മങ്കാദിങ് വിവാദത്തിന് വിട; ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങളുമായി എംസിസി
