ആറ് ലോകകപ്പുകളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ മാസ്റ്റർ ബ്ലാസ്റ്റർ 12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ വിരുന്നെത്തുന്ന ലോകകപ്പിന്‍റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായിരിക്കുകയാണ്

മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ആഗോള പ്രചാരകനായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കറെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പ് ട്രോഫിയുമായി സച്ചിൻ മത്സരങ്ങൾ വിളംബരം ചെയ്യും. 

ആറ് ലോകകപ്പുകളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ മാസ്റ്റർ ബ്ലാസ്റ്റർ 12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ വിരുന്നെത്തുന്ന ലോകകപ്പിന്‍റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായിരിക്കുകയാണ്. 1987ൽ അതിർത്തിക്കപ്പുറത്തെ പന്ത് പെറുക്കിയ ബാല്യം മുതൽ കളത്തിലിറങ്ങിയ ആറ് വിശ്വ പോരാട്ടങ്ങൾക്ക് വരെ ഹൃദയത്തിൽ സവിശേഷ സ്ഥാനമുണ്ടെന്നാണ് ഐസിസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇതിഹാസ താരത്തിന്‍റെ പ്രതികരണം. 2011ലെ ലോക കിരീടം ക്രിക്കറ്റ് യാത്രയിൽ അഭിമാന മുഹൂർത്തമാണെന്നും സച്ചിൻ ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കി. പുതുതലമുറയ്ക്ക് പ്രചോദനവും അവരുടെ സ്വപ്നങ്ങൾക്ക് ചിറകും നൽകും പ്രചാരക പട്ടമെന്നും മാസ്റ്റർ ബ്ലാസ്റ്റർ കൂട്ടിച്ചേര്‍ത്തു. 

ഏകദിന മത്സരങ്ങളുടെ ആഘോഷ കാലത്ത് സച്ചിനുള്ള ബഹുമതി അഭിമാനകരമെന്നായിരുന്നു ഐസിസിയുടെ പ്രതികരണം. വിവിയൻ റിച്ചാർഡ്‌ഡ്, ഓയിൻ മോർഗൻ, ആരോൺ ഫിഞ്ച്, മുത്തയ്യ മുരളീധരൻ, റോസ് ടെയ്‌ലർ, സുരേഷ് റെയ്‌ന, മുഹമ്മദ് ഹഫീസ്, മിഥാലി രാജ് എന്നിവർ ഗ്ലോബല്‍ അംബാസഡറല്ലാതെ പ്രചാരകരായി സച്ചിനൊപ്പമുണ്ടാകും. 

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണറപ്പുകളായ ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്ച ഓസ്ട്രേലിയക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പത്ത് ടീമും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. 9 മത്സരങ്ങളിൽ നിന്ന് കൂടുതൽ പോയിന്‍റ് നേടുന്ന നാല് ടീമുകൾ സെമിയിലേക്ക് ചേക്കേറും. നവംബർ 15, 16 തീയതികളിൽ സെമിയും 19ന് കലാശപ്പോരാട്ടവും നടക്കും. ചില മത്സരങ്ങളിലെങ്കിലും മഴ വില്ലനാകുമെന്നതിനാൽ എല്ലാ ടീമുകള്‍ക്കും ഓരോ മത്സരവും നിർണായകമാണ്.

Read more: ആ ടീം കറുത്ത കുതിരകള്‍; ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് സഹീര്‍ ഖാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം