ഇക്കുറി തെംബാ ബാവുമയുടെ നേതൃത്വത്തില്‍ ശക്തമായ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയിരിക്കുന്നത്
മുംബൈ: ഇക്കുറി ഏകദിന ലോകകപ്പില്‍ ഒട്ടേറെ ടീമുകള്‍ക്ക് കിരീട സാധ്യത പ്രവചിക്കുന്നുണ്ട്. ഹോം ടീമായ ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള എല്ലാ അനുകൂല ഘടങ്ങളുമുണ്ടെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയിട്ടുള്ള ഓസ്ട്രേലിയയും ഇന്ത്യയുടെ ബന്ധവൈരികളായ പാകിസ്ഥാനും ഒക്കെ പലരുടേയും ഫേവറൈറ്റ് ലിസ്റ്റിലുണ്ട്. ലോകകപ്പ് കണ്ടാല്‍ വിശ്വരൂപം കാണിക്കുന്ന ഓസീസിന് വലിയ സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്. എന്നാല്‍ ലോകകപ്പിന്‍റെ കറുത്ത കുതിരകളാവാന്‍ സാധ്യതയുള്ള ഒരു ടീമുണ്ട് ഇക്കുറി എന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ പറയുന്നു. ഇതുവരെ ലോകകപ്പ് നേടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കയെയാണ് സഹീര്‍ കറുത്ത കുതിരകളായി വിശേഷിക്കുന്നത്.
'എല്ലാവരും ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രം നല്ലതല്ല. എന്നാല്‍ ഓസ്ട്രേലിയക്ക് എതിരെ അവര്‍ അടുത്തിടെ കളിച്ച രീതി വച്ച് നോക്കുമ്പോള്‍ അവര്‍ കറുത്ത കുതിരകളാവും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികവ് കാണിക്കാന്‍ കഴിവുള്ള കുറച്ച് താരങ്ങള്‍ പ്രോട്ടീസിനുണ്ട്. ലീഗ് ഘട്ട മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും നിര്‍ണായകമാകും. ദക്ഷിണാഫ്രിക്കയ്‌ക്ക് പുറമെ ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരിക്കും സെമി കളിക്കുക' എന്നും മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ സഹീര്‍ ഖാന്‍ പറഞ്ഞു.
ഇക്കുറി തെംബാ ബാവുമയുടെ നേതൃത്വത്തില്‍ ശക്തമായ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യ പരിക്കേറ്റ് പുറത്തായെങ്കിലും ക്വിന്‍റണ്‍ ഡികോക്ക്, ഡേവിഡ് മില്ലര്‍, കാഗിസോ റബാഡ, ഹെന്‍റിച്ച് ക്ലാസന്‍, ഏയ്‌ഡന്‍ മാര്‍ക്രം തുടങ്ങി നിരവധി മാച്ച് വിന്നര്‍മാര്‍ ടീമിലുണ്ട്. ഇവരെല്ലാം തന്നെ അടുത്തിടെ മികച്ച ഫോമിലുമാണ്. ഓസീസിനോട് അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ശേഷം മൂന്ന് കളിയിലും ജയിച്ച് പരമ്പര നേടി പ്രോട്ടീസ് ശക്തമായി തിരിച്ചെത്തിയിരുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 1992, 1999, 2007, 2015 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്ക ഒരിക്കല്‍ പോലും ഫൈനല്‍ കളിച്ചിട്ടില്ല.
Read more: മലയാളി പൊളിയല്ലേ; കാര്യവട്ടത്ത് ന്യൂസിലൻഡ് താരത്തിന്‍റെ സിക്‌സറില്‍ സൂപ്പര്‍ ക്യാച്ച്- വീഡിയോ
