ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ 155 പന്തില്‍ 193 റണ്‍സടിച്ചതാണ് സമാന് നേട്ടമായത്. മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയ സമാന് അടുത്ത റാങ്കിംഗില്‍ ആദ്യ പത്തിനുള്ളില്‍ എത്താനായേക്കും.

ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിംഗില്‍ നേട്ടം കൊയ്ത് പാക്കിസ്ഥാന്‍ താരം ഫഖര്‍ സമാന്‍. ബാറ്റിംഗ് റാങ്കിംഗില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സമാന്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ 155 പന്തില്‍ 193 റണ്‍സടിച്ചതാണ് സമാന് നേട്ടമായത്. മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയ സമാന് അടുത്ത റാങ്കിംഗില്‍ ആദ്യ പത്തിനുള്ളില്‍ എത്താനായേക്കും.

ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയ റാസി വാന്‍ഡര്‍ ദസ്സന്‍ 22-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ 88-ാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 857 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും രണ്ടാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസം 852 റേറ്റിംഗ് പോയന്‍റുമായി തൊട്ടടുത്തുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തില്‍ 94 റണ്‍സുമായി തിളങ്ങിയ അസം അടുത്ത റാങ്കിംഗില്‍ കോലിക്കൊപ്പമെത്താനുള്ള സാധ്യതയേറി. 825 റേറ്റിംഗ് പോയന്‍റുള്ള രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്.