ദുബായ്: 2019ലെ പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ അപ്രമാധിത്വം ഊട്ടിയുറപ്പിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും. ഐസിസി പുറത്ത് വിട്ട 2019ലെ മികച്ച ഏകദിന ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടത്. ടീമിന്‍റെ നായകനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ ഓപ്പണറായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുണ്ട്.

പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ മുഹമ്മദ് ഷമിയും അണിനിരക്കുമ്പോള്‍ ടീമിലെ ഏക സ്പിന്നര്‍ ഇന്ത്യയുടെ ചൈനാമാന്‍ കുല്‍ദീപ് യാദവാണ്. ഇന്ത്യയെ കൂടാതെ ന്യൂസിലന്‍റ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ടീമില്‍ ഇടംനേടി. ടീമിലെ ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്സാണ്. ഒപ്പം വിക്കറ്റിന് പിന്നില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറുമുണ്ട്.

കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മധ്യനിരയുടെ നെടുതൂണായി നില്‍ക്കുമ്പോള്‍ പേസ് നിരയ്ക്ക് കരുത്തേകാന്‍ ട്രെന്‍റ് ബോള്‍ട്ടുമുണ്ട്. വെസറ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതവും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മയ്ക്കൊപ്പം വിന്‍ഡീസിന്‍റെ ഷെയ് ഹോപ്പാണ് ഓപ്പണിംഗില്‍ ഇറങ്ങുക. മൂന്നമാനായ കോലിക്ക് പിന്നാലെ പാകിസ്ഥാന്‍റെ ബാബര്‍ അസം എത്തും. പേസ് ആക്രമണത്തില്‍ ഷമിക്കും ബോള്‍ട്ടിനുമൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കുമുണ്ട്. ട്വിറ്ററിലൂടെയാണ് ഐസിസി മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ചത്.

ടീം ഇങ്ങനെ: രോഹിത് ശര്‍മ, ഷെയ് ഹോപ്പ്, വിരാട് കോലി (നായകന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്‍റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.