പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവും ടൂര്‍ണമെന്റ് ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് സ്ഥലത്തുണ്ടായിട്ടും വേദിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് കാരണമായത്.
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അവഗണിച്ചെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി ഐസിസി. ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ഉള്‍പ്പടെയുളള പി സി ബി ഭാരവാഹികളെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ഐസിസി വ്യക്തമാക്കി. പാകിസ്ഥാനില്‍ കളിക്കാന്‍ ബിസിസിഐ വിസമ്മതിച്ചതിനാലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തിയത്. ഇതേസമയം ഫൈനലില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ബോര്‍ഡ് പ്രതിനിധികള്‍ പങ്കെടുക്കാതിരുന്ന തീരുമാനത്തെ മുന്‍താരം ഷുഐബ് അക്തര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഫൈനലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് മെഡലുകളും ട്രോഫിയും സമ്മാനിക്കുമ്പോഴും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ദേവ്ജ് സൈക്കിയയും ഐസിസി ചെയര്‍മാന്‍ ജയ് ഷായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഡയറക്ടര്‍ റോജര്‍ ട്വോസും മാത്രമാണ് വേദിയിലുണ്ടായിരുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവും ടൂര്‍ണമെന്റ് ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് സ്ഥലത്തുണ്ടായിട്ടും വേദിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് കാരണമായത്.
പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഫൈനല്‍ കാണാനായി ദുബായിലേക്ക് വന്നിരുന്നില്ല. ചാംപ്യന്‍സ് ട്രോഫി സമ്മാനദാനം ഒരു ബിസിസിഐ പരിപാടിയാക്കിയെന്നാണ് പ്രധാന വിമര്‍ശനം. ഐസിസി ചെയര്‍മാന്‍ ജയ് ഷാ ആണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കിരീടം സമ്മാനിച്ചത്. കളിക്കാര്‍ക്ക് നല്‍കുന്ന പരമ്പരാഗത വൈറ്റ് ജാക്കറ്റുകള്‍ ഇന്ത്യന്‍ താരങ്ങളെ അണിയിച്ചത് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയായിരുന്നു.
'കഴിയുന്ന അത്രയും ഇന്ത്യക്ക് വേണ്ടി കളിക്കും'; രോഹിത് മുംബൈയില്‍ തിരിച്ചെത്തി
ജേതാക്കളായ ഇന്ത്യക്ക് 2.24 മില്യണ്‍ ഡോളര്‍(ഏകദേശം 19.45 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 1.12 മില്യണ്‍ ഡോളറും(ഏകദേശം 9.72 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സെമിയിലെത്തിയ ദക്ഷിണാഫ്രിക്കക്കും ഓസ്‌ട്രേലിയക്കും 5.4 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി അഫ്ഗാനിസ്ഥാനും ആറാം സ്ഥാനത്തിയ ബംഗ്ലാദേശിനും 3 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിച്ചു.
ഏഴാം സ്ഥാനത്തെത്തിയ പാകിസ്ഥാനും എട്ടാം സ്ഥാനത്തായ ഇംഗ്ലണ്ടിനും 1.21 കോടി രൂപയാണ് സമ്മാനത്തുക ലഭിച്ചത്. ഇതിന് പുറമെ ടൂര്‍ണമെന്റില്‍ പങ്കടുത്ത എല്ലാ ടീമുകള്‍ക്കും പങ്കാളിത്തത്തിന് 1.08 കോടി രൂപ സമ്മാനത്തുകയായി നല്‍കി.

