ദുബായ്: ഐസിസിയുടെ ഏപ്രിൽ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരപ്പട്ടികയില്‍ പാക് നായകൻ ബാബർ അസമും ഓപ്പണർ ഫഖർ സമനും. നേപ്പാൾ താരം കുശാൽ ഭുർടെൽ ആണ് പുരുഷ വിഭാ​ഗത്തിലെ മികച്ച താരമാകാനുള്ള പട്ടികയിൽ മൂന്നാമൻ.

വനിതാ വിഭാ​ഗത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ അലീസ ഹീലിയും മെ​ഗാൻ സ്കട്ടും, ന്യൂസിലൻഡിന്റെ ലി​ഗ് കാസ്പെറക്കും ഇടം നേടി. ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി ബാബർ അസം കഴിഞ്ഞ മാസം ഒന്നാം സ്ഥാനം നേടിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഫഖർ സമനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നെതർലൻഡ്സും മലേഷ്യയും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് നേപ്പാളിന്റെ കുശാൽ ഭുർടെലിനെ പട്ടികയിൽ എത്തിച്ചത്.

വനിതാ താരങ്ങളിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച ബാറ്റിം​ഗാണ് അലീസ ഹീലിയെ പട്ടികയിൽ എത്തിച്ചത്. ന്യൂസിൻഡിനെതിരായ പരമ്പരയിൽ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ വിക്കറ്റുമായി തിളങ്ങിയത് മെ​ഗാൻ സ്കട്ടിനും പട്ടികയിൽ ഇടം നൽകി.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 46 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്തതടക്കം ഒമ്പത് വിക്കറ്റ് നേടിയതാണ് ന്യൂസിലൻഡിന്റെ ലി​ഗ് കാസ്പെറക്കിനെ തുണച്ചത്. വിജയികളെ ഈ മാസം 10ന് പ്രഖ്യാപിക്കും.