രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും കളിക്കാതിരുന്നതുകൊണ്ട് മാത്രം ഓപ്പണറായി അവസരം ലഭിച്ച മായങ്ക് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി ഉള്‍പ്പെടെ 69 റണ്‍സ് ശരാശരിയില്‍ 276 റണ്‍സടിച്ചിരുന്നു.

ദുബായ്: ഡിസംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരത്തെ(ICC Player of the Month) തെരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളും(Mayank Agarwal). മായങ്കിന് പുറമെ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc), ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍(Ajaz Patel) എന്നിവരാണ് പട്ടികയിലുള്ളത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ(IND vs NZ) മികച്ച പ്രകടനമാണ് മായങ്കിന് പട്ടികയില്‍ ഇടം നല്‍കിയത്.

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും കളിക്കാതിരുന്നതുകൊണ്ട് മാത്രം ഓപ്പണറായി അവസരം ലഭിച്ച മായങ്ക് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി ഉള്‍പ്പെടെ 69 റണ്‍സ് ശരാശരിയില്‍ 276 റണ്‍സടിച്ചിരുന്നു. മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 150 ഉം രണ്ടാം ഇന്നിംഗ്സില്‍ 62 റണ്‍സടിച്ചാണ് മായങ്ക് ടീമിന‍്‍റെ വിജയശില്‍പിയായത്. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുന്നതിലും മായങ്ക് നിര്‍ണായക സംഭാവ നല്‍കി. കെ എല്‍ രാഹുലിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ മായങ്ക് 60 റണ്‍സടിച്ചിരുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിലെ പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്ര നേട്ടം കുറിച്ചതാണ് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിന് പട്ടികയില്‍ ഇടം നല്‍കിയത്. ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ഇതിലൂട അജാസ് സ്വന്തമാക്കിയിരുന്നു. ഡിസംബറില്‍ കളിച്ച ഒരേയൊരു ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ അജാസ് 2021ലെ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമണ് പുറത്തെടുത്തത്. എന്നിട്ടും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് അജാസിനെ ന്യൂസിലന്‍ഡ് ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ഓസ്ട്രേലിയക്ക് ആഷസ് സമ്മാനിക്കുന്നതില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികച്ച സംഭാവന നല്‍കിയതാണ് മിച്ചല്‍ സ്റ്റാര്‍ക്കിന് പട്ടികയില്‍ ഇടം നല്‍കിയത്. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്ന് 19.64 ശരാശരിയില്‍ 14 വിക്കറ്റെടുത്ത സ്റ്റാര്‍ക്ക് 58.50 ശരാശരിയില്‍ 117 റണ്‍സടിച്ച് ബാറ്റിംഗിലും തിളങ്ങി. ഇംഗ്ലണ്ടിനെതിരെ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റും 58 റണ്‍സും നേടിയ സ്റ്റാര്‍ക്കിന്‍റെ പ്രകടനം ഓസീസ് ജയത്തില്‍ നിര്‍ണായകമായി.

ഐസിസിയുടെ ഡിസംബറിലെ മികച്ച താരത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.